സിപിഎമ്മിന് തിരിച്ചടി; ഒരു കോടി പിടിച്ചെടുത്തതിനെതിരെ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ ആദായ നികുതി വകുപ്പിന്റെ നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി. ആദായനികുതി വകുപ്പ് നടപടിക്കെതിരെ സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് സമയത്ത് പണമായി പാർട്ടി പിൻവലിച്ച തുകയാണ് ആദായനികുതി വകുപ്പ് കണ്ടു കെട്ടിയത്. പിൻവലിച്ച തുക, പിന്നീട് മരവിപ്പിച്ച അക്കൗണ്ടിലേക്ക് ഇടാനെത്തിയതും പെരുമാറ്റച്ചട്ടം നില നിൽക്കെ ഒരുകോടി രൂപ പണമായി എത്തിച്ചതും ചട്ടലംഘനമാണെന്നായിരുന്നു ആദായനികുതി വകുപ്പിൻ്റെ നിലപാട്.
ആദായ നികുതി വകുപ്പിൻ്റെ പരിശോധനയും നടപടിയും നിയമപരമെന്നാണ് കോടതിയുടെ നിരീക്ഷണം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു കൊണ്ടിരിക്കേയാണ് ഇക്കഴിഞ്ഞ ലോക്സ‌ഭാ തിരഞ്ഞെടുപ്പു കാലത്ത് സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടികൂടിയത്. ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽനിന്ന് എടുത്ത തുക ആയിരുന്നു ഇത്. ഒരു കോടി രൂപ ബാങ്കിൽനിന്ന് പിൻവലിക്കപ്പെട്ട വിവരം അറിഞ്ഞ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുകയായിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിൻ്റെ മൊഴിയെടുത്ത ശേഷമാണ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തത്. പാർട്ടിയുടെ നിയമ വിധേയ ചിലവുകൾക്ക് ഏപ്രിൽ 2 ന് ബാങ്കിൽ നിന്ന് ഒരു കോടി പിൻവലിച്ചിരുന്നു. ഏപ്രിൽ 5 ന് ബാങ്കിൽ പരിശോധനയ്ക്കെത്തിയ ആദായ നികുതി ഉദ്യോഗസ്ഥർ പണം പിൻവലിച്ചത് തെറ്റായ നടപടിയാണെന്ന് വ്യാഖ്യാനിച്ചു. പിന്നാലെ ഇടപാട് മരവിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സി പി എം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. പിൻവലിച്ച ഒരു കോടിയുമായി ഹാജരാകാനായിരുന്നു നോട്ടീസ്. ഇത് പ്രകാരമാണ് പണവുമായി ബാങ്കിലെത്തിയതെന്നാണ് എം എം വർഗീസ് അന്ന് വ്യക്തമാക്കിയത്