കണ്ണൂര്‍ ; വധുവിന്റെ ബന്ധു അയച്ചു നൽകിയ തെറ്റായ ലൊക്കേഷന്‍ പിന്നാലെ പോയ വരന്റെ സംഘം അയല്‍ ജില്ലയിലെത്തി പുലിവാല് പിടിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു അയച്ച് നൽകിയ ലൊക്കേഷന്‍ പ്രകാരം വരനും ബന്ധുക്കളും ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തേണ്ടതിന് പകരം എത്തിയത് വടകര പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രത്തിലായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് വരന്. മുഹൂർത്ത സമയം കഴിഞ്ഞിട്ടും വരനെ കാണാതെ ആശങ്കയിലായ വധുവിന്റെ ബന്ധുക്കൾ വിളിച്ച് അന്വേഷിക്കുമ്പോൾ ഇപ്പോഴെത്തുമെന്നായിരുന്നു മറുപടി. എത്തിയെന്ന് വിശദമാക്കിയ വരന്റെ സംഘം വധുവിനെ അന്വേഷിക്കുമ്പോഴാണ് കിലോമീറ്ററുകൾ അകലെയുള്ള ക്ഷേത്രത്തിലാണ് എത്തിയതെന്ന് തിരിച്ചറിയുന്നത്
ഇരുക്ഷേത്രങ്ങളും തമ്മിൽ 60ലേറെ കിലോമീറ്ററുകളുടെ വ്യത്യാസമുണ്ട്. ക്ഷേത്രത്തിൽ പ്രത്യേകമായി മുഹൂർത്തം കാണേണ്ടതില്ലെന്നും എത്ര വൈകിയായാലും വിവാഹം നടത്താമെന്നും മേൽശാന്തി വിശദമാക്കിയതോടെയാണ് ഇവര്‍ക്ക് ആശ്വാസമായത്. മുഹൂർത്ത സമയത്തിൽ നിന്ന് മൂന്ന് മണിക്കൂർ വൈകി ഒന്നരയോടെ വരൻ ക്ഷേത്രത്തിലെത്തുകയും നടയിൽ വെച്ച് താലി ചാർത്തുകയും ചെയ്തു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. പെണ്ണു കാണൽ ചടങ്ങിന് വരൻ വധുവിന്റെ വീട്ടിലെത്തിയിരുന്നു. വിവാഹവേദിയായി വധുവിന്റെ കുടുംബക്കാർ നിശ്ചയിച്ചത് ഇരിട്ടി കീഴൂർ ക്ഷേത്രമായിരുന്നു. ഈ ക്ഷേത്രം അറിയാത്തതിനാലാണ് ഗൂഗിൾ മാപ്പിന്റെ സഹായം തേടിയത്