ബോംബ് ഭീഷണി തുടരുന്നു ; മുഖ്യമന്ത്രിയെ വധിക്കുമെന്നും രണ്ടരയ്ക്ക് സ്ഫോടനം നടക്കുമെന്നും സന്ദേശം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ്, ക്ലിഫ് ഹൗസ്, രാജ്ഭവന്‍, ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് ഇ മെയിൽ ആയി ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെയും വിവിധ ഇടങ്ങളില്‍ ബോംബ് ഭീഷണി ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇന്ന് രണ്ടരയ്ക്ക് സ്ഫോടനം നടക്കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. മദ്രാസ് ടൈഗേഴ്സ്- റസിസ്റ്റൻസ് ഫ്രണ്ട് എന്ന പേരിലാണ് സിറ്റി ട്രാഫിക് കൺട്രോളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബോംബ് സ്ക്വാഡും
ഡോ​ഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്. സുരക്ഷാ ഏജൻസികൾ യോഗം ചേർന്നു. ബോംബ് ഭീഷണി വ്യാജമെന്നാണ് നിഗമനം

രണ്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞത്ത് എത്താനിരിക്കെയാണ് തലസ്ഥാനത്ത് നിരന്തരമായി ബോംബ് ഭീഷണി ഉണ്ടാകുന്നത്. രണ്ടാഴ്ചക്കിടയിൽ 16 വ്യാജ സന്ദേശങ്ങളാണ് തിരുവനന്തപുരം നഗരത്തിൽ മാത്രം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലും സമാനമായ ബോംബ് ഭീഷണി സന്ദേശം ഉണ്ടായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ടെർമിനൽ മാനേജർക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണിയെത്തി. ബോംബ് സ്ക്വാഡ് വിശദമായ പരിശോധന നടത്തിയെങ്കിലും വ്യാജ ഭീഷണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.