ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലിയിലെ പാകിസ്ഥാനി പൗരൻമാരെ കണ്ടെത്താൻ പരിശോധനയുമായി പൊലീസ്. ദില്ലി പൊലീസാണ് പരിശോധന നടത്തുന്നത്. 5000 പേർ ആകെ ദില്ലിയിലുണ്ടെന്നാണ് കണക്ക്. പാക് പൗരൻമാർ മടങ്ങിയോ എന്നത് വിലയിരുത്താൻ നാളെ കേന്ദ്രം യോഗം ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ പൗരൻമാരോട് രാജ്യം വിടാൻ നിർദേശം നൽകിയിരുന്നു. കേരളത്തിലും കോഴിക്കോട് സ്വദേശികളായ നാലുപേർക്ക് നാടുവിടാൻ ഇന്നലെ നോട്ടീസ് നൽകിയിരുന്നു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എൻഐഎ. ദൃക്സാക്ഷികളുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഓരോ ചെറിയ വിവരവും ചോദിച്ചറിയാൻ ശ്രമിക്കുന്നെന്ന് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മുന്നറിയിപ്പില്ലാതെ കശ്മീരിലെ ഉറി ഡാം തുറന്നു വിട്ട നടപടിയിൽ പ്രതികരണവുമായി പാക്കിസ്ഥാൻ രംഗത്തെത്തി. നദീജല കരാരിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് പാകിസ്ഥാൻ പറഞ്ഞു.