തൃശൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍റെ വീടിന് സമീപം എറിഞ്ഞത് നാടൻ പടക്കമെന്ന് നിഗമനം. സ്ഥലത്ത് പരിശോധന തുടരുകയാണ്. ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കമെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ കമ്മീഷണര്‍ ശോഭ സുരേന്ദ്രനുമായി സംസാരിച്ചു. പൊട്ടിത്തെറിച്ചത് പടക്കമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കമ്മീഷണര്‍ പറഞ്ഞു. തൊട്ടടുത്ത സ്ഥലങ്ങളിലും ശബ്ദം കേട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് തീരുമാനം
ഇന്നലെ രാത്രി പത്തേമുക്കാലോടെ അയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള ശോഭയുടെ വീടിന് സമീപമാണ് സംഭവം നടന്നത് . ശോഭയുടെ അയല്‍വാസിയുടെ വീട്ടിലേക്കാണ് അജ്ഞാതര്‍ സ്‌ഫോടകവസ്തു എറിഞ്ഞത്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴാണ് പരിസരവാസികള്‍ സംഭവമറിയുന്നത്. ഈ സമയത്ത്
ശോഭാ സുരേന്ദ്രനും വീട്ടിലുണ്ടായിരുന്നു. വീട് മാറി എറിഞ്ഞതാണോ എന്ന സംശയവും നില നില്‍ക്കുന്നുണ്ട്.