കൊല്ലപ്പെട്ട ഭാര്യ തിരിച്ചെത്തി; 5 വർഷത്തിന് ശേഷം ഭർത്താവിന് ജയിൽ മോചനം

കൊല്ലപ്പെട്ട ഭാര്യ തിരിച്ചെത്തിയ സംഭവത്തിൽ കൊലക്കുറ്റം ചുമത്തപ്പെട്ട ഭർത്താവിന് അഞ്ചു വർഷത്തിനുശേഷം ജയിൽ മോചനം. കര്‍ണാടക കുടക് ജില്ലയിലെ ബസവനഹള്ളി ആദിവാസി കോളനിയിലെ കെ. സുരേഷിനെയാണ് മൈസൂരു അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഗുരുരാജ് ജയിൽ മോചിതനാക്കി വെറുതെ വിട്ടത്. സുരേഷിന്റെ ഭാര്യ മല്ലികയെ 2020-ലാണ് കാണാതാകുന്നത്. ദിവസങ്ങൾക്കുള്ളിൽ ബെട്ടഡാപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കാവേരി തീരത്തു നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂട അവശിഷ്ടം പോലീസ് കണ്ടെടുത്തു. ഇത് മല്ലികയുടേതാണെന്നും സുരേഷ് ഇവരെ കൊന്നതാണെന്നും കാണിച്ച് പോലീസ് കോടതിയില്‍ കുറ്റപത്രവും നൽകി

എന്നാൽ, ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് ദക്ഷിണ കുടകിലെ ഷെട്ടിഗേരിക്ക് സമീപം മല്ലികയെ മറ്റൊരാൾക്കൊപ്പം സുരേഷിന്റെ സുഹൃത്തുക്കൾ കണ്ടു. മല്ലിക സുഹൃത്ത് ഗണേഷിനൊപ്പം മടിക്കേരിയിലെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും ഹാജരാക്കി. ഈ വിവരം ചൂണ്ടിക്കാട്ടി കേസ് വീണ്ടും പരിഗണിക്കണമെന്ന് സുരേഷിന്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകി. ബലം പ്രയോഗിച്ച് പോലീസ് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് സുരേഷ് കോടതിയെ അറിയിക്കുകയും ചെയ്തു. കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ ഫലം പോലും പരിശോധിക്കാതെ സുരേഷിനെ കുറ്റക്കാരനാക്കിയതിൽ പോലീസിനെ കോടതി ശക്തമായി വിമർശിച്ചു. പോലീസിനുണ്ടായ വീഴ്ചയില്‍ കുടക് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്