വിവാഹം കഴിഞ്ഞ് 6-ാം ദിനം ദുരന്തം; തീരാനോവായി ആ ചിത്രം, വിനയ്യും ഹിമാൻഷിയും കാശ്മീരിലെത്തിയത് ഹണിമൂണിന്

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. ഭർത്താവിന്‍റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ച് ഇരിക്കുന്ന യുവതിയുടെ ചിത്രം ഓരോ ഇന്ത്യക്കാരന്റെയും മനസിൽ മായാതെ കിടക്കുകയാണ്. മാധ്യമങ്ങളിൽ നിറഞ്ഞ ആ ചിത്രത്തില്‍ മരിച്ച് കിടക്കുന്നത് കൊച്ചിയിൽ ജോലി ചെയ്യുന്ന നാവിക സേന ഉദ്യോഗസ്ഥൻ വിനയ് നർവലിന്‍റേത് ആണ്. ഹരിയാന സ്വദേശിയായ 26 കാരനായ ലെഫ്റ്റനന്റ് വിനയ് നർവാളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്

ഏപ്രിൽ 16നാണ് വിനയ് വിവാഹിതനായത്. ഭാര്യ ഹിമാൻഷി. മധുവിധു ആഘോഷിക്കാനുള്ള യാത്രയിലായിരുന്ന വിനയ് കഴിഞ്ഞ ദിവസം ഹിമാൻഷിയ്‌ക്കൊപ്പം കശ്മീരിലെത്തിയത്. എന്നാൽ വിവാഹത്തിന്റെ ആറാം നാൾ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഹിമാൻഷിയുടെ സന്തോഷങ്ങളെ തല്ലിക്കെടുത്തി. ഹിമാൻഷിയുടെ കൺമുന്നിലിട്ട് ഭീകരർ വിനയിനെ കൊലപ്പെടുത്തി. രണ്ട് വർഷം മുമ്പാണ് വിനയ് നാവികസേനയിൽ ചേർന്നത്. ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു. ജോലി കിട്ടിയതിന് പിന്നാലെയായിരുന്നു വിവാഹം തീരുമാനിച്ചത്

അതേ സമയം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. 27 പുരുഷൻമാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്