പഹൽ​ഗാമില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; വെടിവെച്ചിട്ടത് മകളുടെ മുന്നിൽ വെച്ച്

കൊച്ചി: പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ (65) മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഉച്ചക്ക് ഒരു മണിയോടെ ദില്ലിയിൽ എത്തിക്കും. അവിടെ നിന്ന് 4.30 നുള്ള എയർ ഇന്ത്യ വിമാനത്തിൽ 7.30 ഓടു കൂടി നെടുമ്പാശേരിയിലെത്തിക്കും. എൻ രാമചന്ദ്രൻ നാട്ടില്‍ നിന്നും തിങ്കളാഴ്ചയാണ് യാത്ര തിരിച്ചത്. ഭാര്യ ഷീല, മകള്‍ അമ്മു, മകളുടെ രണ്ട് കുട്ടികള്‍ എന്നിവർക്കൊപ്പമുള്ള യാത്രക്കിടയിലാണ് രാമചന്ദ്രന്റെ ജീവൻ നഷ്ടമായത്

കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴിയാണ് രാമചന്ദ്രനും കുടുംബവും കശ്മീരിൽ എത്തിയത്. ഇന്നലെ രാവിലെയാണ് ഇവർ പഹല്‍ഗാമിലെത്തുന്നത്. ‌മകളുടെ മുന്നിൽ വച്ചാണ് രാമചന്ദ്രൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. മരണ വിവരം നാട്ടിൽ അറിയിച്ചത് മകൾ അമ്മുവായിരുന്നു. രാമചന്ദ്രന്റെ കുടുംബം സുരക്ഷിതമാണെന്നാണ് വിവരം. മരണ വിവരം ഭാര്യ അറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വെടിവെപ്പ് നടക്കുമ്പോള്‍ ഹൃദ്രോഗിയായ ഭാര്യ കാറില്‍ ഇരിക്കുകയായിരുന്നു. രാമചന്ദ്രൻ ദീർഘകാലം അബുദാബിയിൽ ജോലി ചെയ്തിരുന്നു.

രാമചന്ദ്രന്റെ മകൾ ദുബായിലാണ് ജോലി ചെയ്യുന്നത്. ഇവർ നാട്ടിലെത്തിയതിന് പിന്നാലെയാണ് ഒന്നിച്ച് വിനോദ സഞ്ചാരത്തിന് യാത്ര പുറപ്പെട്ടത്. പൊതുപ്രവർത്തന രം​ഗത്ത് സജീവമായിരുന്ന വ്യക്തിയാണ് മരിച്ച രാമചന്ദ്രൻ. 1991ലെ ജില്ല കൗൺസിൽ തിരഞ്ഞെടുപ്പില്‍ ബി‌ജെ‌പി സ്ഥാനാര്‍ഥി ആയിരുന്നു.

അതിനിടെ പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി. മരിച്ച 26 പേരുടെ പൂർണ്ണ വിവരണങ്ങൾ ലഭ്യമായി. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്ര, കേരളം, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും വീതമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചിട്ടുണ്ട് . പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി