പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പഴയ കൂട്ടുകാരനെ കണ്ടുമുട്ടി ; ഒരുമിച്ച് ജീവിക്കാൻ യുവതി 3 മക്കളെ വിഷം നല്‍കി കൊന്നു

സ്കൂള്‍ കാലത്തെ സുഹൃത്തിനൊപ്പം ജീവിക്കാനായി സ്വന്തം മക്കള്‍ക്ക് തൈരിൽ വിഷം നൽകി അമ്മ കൊലപ്പെടുത്തിയതായി ഞെട്ടിക്കുന്ന വാര്‍ത്ത. തെലങ്കാനയിലെ സങ്കറെഢിയിലാണ് 45കാരിയായ രജിത തന്‍റെ മൂന്നു മക്കളെ കൊലപ്പെടുത്തിയത്. സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് കൊല്ലപ്പെട്ടത്. മക്കളെ കൊന്നതിന് ശേഷം രജിതയും വിഷം കഴിച്ചു. നിലവില്‍ ഇവര്‍ ചികിത്സയിലാണ്.
പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കള്‍ തടസ്സമായതോടെയാണ് അവരെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു

അടുത്തിടെ രജിത പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് പോയിരുന്നു. അവിടെവച്ച് പഴയ കൂട്ടുകാരനെ കണ്ടുമുട്ടി. ഇതിനുശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം ബലപ്പെട്ടു. അത് പ്രണയത്തിലേക്ക് വഴിമാറി. ഇയാള്‍ക്കൊപ്പം ജീവിക്കണമെന്ന ആഗ്രഹം രജിതയില്‍ ഉടലെടുത്തതോടെ മക്കളെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു.

സംഭവ ദിവസം രജിതയുടെ ഭര്‍ത്താവ് ചെന്നയ്യ നൈറ്റ് ഡ്യൂട്ടിക്ക് പോയതായിരുന്നു. അത്താഴ സമയത്ത് തൈരില്‍ വിഷം ചേര്‍ത്ത് മക്കള്‍ക്ക് നല്‍കി. ചെന്നയ്യ വീട്ടിലെത്തിയപ്പോള്‍ കാണുന്നത് മരിച്ചു കിടക്കുന്ന മക്കളെയാണ്. വയറു വേദനിക്കുന്നെന്ന് പറഞ്ഞ ഭാര്യയെ
ചെന്നയ്യ ഉടന്‍ ആശുപത്രിയിലെത്തിച്ചു അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ പൊലീസ് സംശയിച്ചത് ചെന്നയ്യയെ ആയിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍
പ്രതി രജിതയാണെന്ന് കണ്ടെത്തുകയായിരുന്നു