ഭാര്യ ഉപേക്ഷിച്ചു പോയി; വൈരാഗ്യം തീർക്കാൻ ഭാര്യാ സഹോദരിയായ 10 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്

ഭാര്യ ഉപേക്ഷിച്ചു പോയതിന്‍റെ വൈരാഗ്യം തീര്‍ക്കാന്‍ യുവാവ് ഭാര്യയുടെ 10 വയസുള്ള അനിയത്തിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചു.
ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.പ്രതി മോഹിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ശനിയാഴ്ച വീട്ടുകാര്‍ നൽകിയ പരാതിക്ക് പിന്നാലെയാണ് പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. നാടാകെ തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല

കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് മകളും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്ന വിവരം പുറത്തു വന്നത്. തുടർന്ന് ഇരുവരെയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. 6 വര്‍ഷം മുമ്പ് വിവാഹിതനായ തനിക്ക് ഒരു കുട്ടിയുണ്ടെന്നും അടുത്തയിടെ ഭാര്യ തന്നെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയെന്നും മോഹിത് കുമാര്‍ പൊലീസിനോട് പറഞ്ഞു. ” ”ഇക്കാര്യം ഭാര്യയുടെ വീട്ടുകാരോട് പറഞ്ഞുവെങ്കിലും അവര്‍ പരിഗണിച്ചില്ല, ഇതോടെ വൈരാഗ്യമായി, തുടർന്ന് ഭാര്യാ പിതാവിനെ ഒരിക്കല്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ഭാര്യയുടെ അനിയത്തിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു” പ്രതി മോഹിത് പോലീസിനോട് വ്യക്തമാക്കി

ശനിയാഴ്ച ഭാര്യയുടെ വീട്ടിലെത്തിയ മോഹിത് 10 വയസുകാരി സാനിയയെ കൂട്ടിക്കൊണ്ട് പോയി വീട്ടിലെത്തിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതശരീരം പ്ലാസ്റ്റിക് ബാഗിലാക്കി, ഷാള്‍ കൊണ്ട് പൊതിഞ്ഞ് ചാക്കിലിട്ട ശേഷം മാലിന്യത്തില്‍ നിക്ഷേപിക്കുകയായിരുന്നെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍