കണ്ണൂര്‍ ; വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ എസ് അയ്യർ ഐഎഎസ്. ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച വീഡിയോയിലൂടെയാണ് മറുപടി നല്‍കിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച് ദിവ്യ ഇട്ട പോസ്റ്റിനായിരുന്നു വ്യാപക വിമര്‍ശനം. കര്ണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ.കെ രാഗേഷ് കവചം തീര്‍ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതിന് പിന്നാലെയാണ് പോസ്റ്റ് വലിയ വിവാദങ്ങൾക്കിടയാക്കുകയും തുടര്‍ന്ന് ദിവ്യ മറുപടിയുമായി രംഗത്ത് വരികയും ചെയ്തത്.
‘എല്ലാം ഈ അപ്പാ അമ്മ കാരണമാണെന്ന് ചിലപ്പോള്‍ പറയാന്‍ തോന്നും. കുട്ടിക്കാലത്ത് നല്ല വാക്കുകള്‍ മാത്രം പറയുക, നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുക, ആരെയും അധിക്ഷേപിക്കരുത്, നമ്മള് കാരണം ഒരു മനുഷ്യനും വേദനിക്കരുത്, മുതിര്‍ന്നവരെ ആദരപൂര്‍വം നോക്കിക്കാണണം, എന്നീ കാര്യങ്ങള്‍ നമ്മുടെ നെഞ്ചിലേറുന്നതു വരെ പറഞ്ഞു മനസ്സിലാക്കി തരികയും പ്രാവര്‍ത്തികമാക്കാനുള്ള നിരന്തര ശ്രമം അവരുടെ ജീവിത വഴിയില്‍ കാണുകയും ചെയ്തിട്ടുള്ള ബാല്യകാലമാണ് ഉണ്ടായിട്ടുള്ളത്.
നമ്മളാരും എല്ലാം തികഞ്ഞവരും നിറഞ്ഞവരും അല്ല. നമുക്ക് ചുറ്റുമുള്ള വ്യക്തികളില്‍ എല്ലാവരിലും നന്മയുടെ വെളിച്ചം ഉണ്ടാകും. നമുക്ക് പഠിക്കാവുന്ന ഒരുപാട് ഗുണങ്ങള്‍ അവരിലൊക്കെ ഉണ്ടായിരിക്കം. കണ്ടെത്തുന്ന അവരുടെ ഗുണങ്ങള്‍ നാലാളോട് പറയുക എന്നതിനും വല്യ പ്രയാസമൊന്നും ഉണ്ടാകേണ്ടതല്ല. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഏറ്റവും രൂക്ഷമായ വാക്കുകളിലുള്ള വിമര്‍ശനവും കയ്പേറിയ ചില പ്രതികരണങ്ങളുമൊക്കെ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് എന്തിനാണെന്നോ, എന്റെ അനുഭവത്തിലൂടെ, ഉത്തമ ബോധ്യത്തില്‍, എന്റെ കാഴ്ചപ്പാടിലൂടെ ചില മനുഷ്യരില്‍ ഞാന്‍ കണ്ടെത്തിയ നന്മ എന്താണ്, അവരിലെ ഗുണം എന്താണ് എന്നത് ലോകത്തോട് വിളിച്ചു പറഞ്ഞു എന്ന ഒറ്റക്കാരണത്താലാണത്, എത്ര വിചിത്രമായ ലോകമാണെന്ന് എനിക്ക് ചിലപ്പോ ചിന്തിക്കേണ്ടി വരുന്നുണ്ട് ” – വിമര്‍ശകര്‍ക്കുള്ള മറുപടിയായി ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച വീഡിയോയിൽ ദിവ്യ എസ് അയ്യർ പറയുന്നു.