മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി ; അമ്മ പ്രതിശ്രുത വരനൊപ്പം പണവും ആഭരണങ്ങളുമായി ഒളിച്ചോടി

മകളുടെ വിവാഹത്തിന് മുമ്പ് പണവും ആഭരണങ്ങളുമായി അമ്മ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ അലിഗഡിൽ ആണ് സംഭവം. ഏപ്രിൽ 16നാണ് മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചത്. യുവതിയുടെ നാല്‍പത് വയസുകാരിയായ അമ്മയും പ്രതിശ്രുത വരനും സ്വര്‍ണവും 2.5 ലക്ഷം രൂപയുമായാണ് ഒളിച്ചോടിയത്

ഞായറാഴ്ച രാത്രി വരൻ വിവാഹ വസ്ത്രം വാങ്ങാൻ എന്ന വ്യാജേന വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നാലെ പിതാവിനെ വിളിച്ച് “ഞാൻ പോകുന്നു, എന്നെ കണ്ടെത്താൻ ശ്രമിക്കരുത്” എന്ന് വിളിച്ചറിയിക്കുകയും ചെയ്തു. ഏകദേശം അതേ സമയത്ത് തന്നെ വധുവിൻ്റെ അമ്മയേയും കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒരുമിച്ച് ഒളിച്ചോടിയതായി സ്ഥിരീകരിക്കുകയായിരുന്നു.

വധുവിൻ്റെ മാതാവിനെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയിട്ടുണ്ട്. ഇരുവരുടേയും കുടുംബാംഗങ്ങളിൽ നിന്ന് മൊഴി എടുത്തു.
വരൻ വധുവിൻ്റെ വീട് പതിവായി സന്ദർശിക്കാറുണ്ടായിരുന്നെന്നും ഭാര്യാ മാതാവിന് മൊബൈൽ ഫോൺ സമ്മാനമായി നൽകിയിരുന്നുവെന്നും യുവതിയുടെ ബന്ധു മൊഴി നല്‍കിയിട്ടുണ്ട്. ബസ് സ്റ്റാൻഡുകളിലെയും റെയിൽവേ സ്റ്റേഷനുകളിലേയും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. വരൻ ഉത്തരാഖണ്ഡിൽ ജോലി ചെയ്യുന്നതിനാല്‍ ഇരുവരും അവിടെ ഉണ്ടാകാനാണ് സാധ്യതയെന്നാണ് പൊലീസ് പറയുന്നത്