കൊച്ചി; സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന് 15 ദിവസത്തേക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരോൾ അനുവദിച്ചത്. കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു നിഷാമിന്‍റേത്. മാതാവിന്റെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് 30 ദിവസത്തെ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നൽകിയ അപേക്ഷയിലാണ് നടപടി. പോലീസ് റിപ്പോർട്ട് എതിരായതിനാല്‍ നേരത്തെ നല്‍കിയ പരോൾ അപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്ന് പരോളിനായി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു.
പരോൾ അനുവദിച്ചെങ്കിലും ഇതിലെ വ്യവസ്ഥകൾ തീരുമാനിക്കേണ്ടത് ജയിൽ വകുപ്പാണ്
2015 ജനുവരി 29-ന് തൃശ്ശൂർ ശോഭാ സിറ്റിയിലായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് വ്യവസായിയായ മുഹമ്മദ് നിഷാമിനെ കോടതി ശിക്ഷിച്ചത്. ഗേറ്റ് തുറക്കാൻ വൈകിയതിനാണ് ചന്ദ്രബോസിനെ നിഷാം അതി ക്രൂരമായി ആക്രമിച്ചത്. പിന്നാലെ ഹമ്മർ കാറിടിപ്പിച്ച് വീഴ്ത്തി. തുടർന്ന് വീണ്ടും മർദ്ദിക്കുകയും ചന്ദ്രബോസ് കൊല്ലപ്പെടുകയുമായിരുന്നു
നിലവിൽ മുഹമ്മദ് നിഷാം വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. ജീവപര്യന്തം തടവിനാണ് വിചാരണ കോടതി നിഷാമിനെ ശിക്ഷിച്ചത്. ഇതിന് പുറമേ വിവിധ വകുപ്പുകളിലായി 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിഴത്തുകയിൽ 50 ലക്ഷം രൂപ ചന്ദ്രബോസിൻ്റെ കുടുംബത്തിന് നൽകണം. വിചാരണ കോടതിയുടെ വിധി പിന്നീട് ഹൈക്കോടതിയും ശരിവെച്ചു. നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുഹമ്മദ് നിഷാം നേരത്തെയും പരോൾ നേടി വിവിധ സമയങ്ങളിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയിരുന്നു