വഖഫ് നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ മിണ്ടാതിരുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പങ്കെടുക്കാതിരുന്ന പ്രിയങ്ക ഗാന്ധിക്കും വിമർശനം.. സഭയില്‍ ഉണ്ടായിരുന്നിട്ടും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ സംസാരിച്ചില്ല. 288 പേരാണ് ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ചത്. 232 പേര്‍ എതിര്‍ത്തു. പ്രതിപക്ഷത്തിന്‍റെ ആവശ്യ പ്രകാരമാണ് വോട്ടെടുപ്പ് നടത്തിയത്.
ബിൽ ലോക്സഭ പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധി കൂറേകൂടി ഉത്തരവാദിത്വം കാണിക്കണമായിരുന്നുവെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകണമായിരുന്നു. വഖഫ് ബിൽ ആർഎസ്എസ് അജൻഡയാണെന്നും മത വിഭജനമാണ് ലക്ഷ്യമെന്നും എളമരം കരീം പ്രതികരിച്ചു..
കോൺഗ്രസിന് വേട്ടനായയുടെ സ്വഭാവമാണെനന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. വഖഫ് വിഷയത്തിൽ കോൺഗ്രസിന് രണ്ടു മനസാണ്. വടക്കേന്ത്യയിൽ മൃദുഹിന്ദുത്വവും തെക്കേന്ത്യയിൽ മതേതരത്വവുമെന്ന് ഐസക് പറഞ്ഞു.
ബില്ലിനെതിരെ മന്ത്രി പി.രാജീവും രംഗത്തെത്തിയിട്ടുണ്ട്. വഖഫ് ഭേദഗതി ബില്‍ മുനമ്പം പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന വാദം ശരിയല്ലെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്നും പി.രാജീവ് പറഞ്ഞു.
ആശങ്കകള്‍ അനാവശ്യമെന്നും പ്രതിപക്ഷം മുസ്‍ലിങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഇന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയിലെ ഇന്നത്തെ അജന്‍ഡയില്‍ വഖഫ് ബില്‍ അവതരണം ഇല്ല. അധിക അജന്‍ഡയായി ഉള്‍പ്പെടുത്തിയേക്കാനാണ് സാധ്യത.