ബോംബ് പൊട്ടി വയോധികൻ മരിച്ചതില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തിയ സീന ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റു

തലശേരി; എരഞ്ഞോളിയിൽ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഎമ്മിനെക്കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച് അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു
കുടക്കളത്തെ എം സീന. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് ഇവർ തലശ്ശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റത്.
2024 ജൂൺ 18-ന് എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപത്താണ്
ആളൊഴിഞ്ഞ വീട്ടില്‍ സ്ഫോടനം
നടന്നത്. പറമ്പില്‍ തേങ്ങ പെറുക്കാനെത്തിയ സീനയുടെ അയൽവാസിയായ വേലായുധനാണ് തേങ്ങയാണെന്ന് കരുതി ബോംബ് എടുത്തപ്പോള്‍ ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്

ഷാഫി പറമ്പിൽ എംപി സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ച് മടങ്ങുമ്പോഴാണ് സീന പരിസര പ്രദേശത്തെ
ബോംബ് നിർമാണത്തെക്കുറിച്ച് പൊട്ടിത്തെറിച്ചത്.
‘ആളൊഴിഞ്ഞ വീടുകൾ ബോംബ് നിർമാണ കേന്ദ്രങ്ങളാക്കുകയാണ്. ഇവ പാർട്ടിക്കാരുടെ ഹബ്ബാണ്. ആരെങ്കിലും തുറന്നു പറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. ഇവിടെ ജീവിക്കാൻ അനുവദിക്കില്ല’ – ഇങ്ങനെയായിരുന്നു സീനയുടെ ആരോപണങ്ങള്‍.
സഹികെട്ടാണ് പ്രതികരിക്കുന്നതെന്നും എത്ര കാലമാണ് സിപിഎമ്മുകാരെ പേടിച്ചു നിൽക്കുകയെന്നും സീന ചോദിച്ചിരുന്നു

ആളൊഴിഞ്ഞ വീടുകൾ സിപിഎം ബോംബ് നിർമാണ കേന്ദ്രങ്ങളാക്കുകയാണെന്ന സീനയുടെ ആരോപണം വലിയ വിവാദമായിരുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി ദിവസങ്ങളോളം ഈ ചര്‍ച്ച നീണ്ടു നിന്നു.
സീനയുടേത് കോൺഗ്രസ് അനുഭാവമുള്ള കുടുംബമാണെന്നായിരുന്നു അന്ന് സിപിഎം പറഞ്ഞത്