വീട് ജപ്തി ചെയ്തു ; യുവാവിനെ വീടിന് സമീപത്തെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ:  കേരള ബാങ്ക് വീട് ജപ്തി ചെയ്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ (38) മരിച്ചത്. വീടിനോട് ചേർന്ന ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

വീട് ജപ്തിയ്ക്ക് ശേഷം വീടിന്റെ തിണ്ണയിലാണ് യുവാവ് കഴിഞ്ഞിരുന്നതെന്നാണ് വിവരം. ജപ്തിക്ക് ശേഷം മകൻ വലിയ മനോവിഷമത്തിലായിരുന്നുവെന്ന്
അച്ഛൻ അനിൽ വ്യക്തമാക്കി.മാർച്ച് 30ന് വീട് ജപ്തി ചെയ്യുമെന്നാണ് കേരള ബാങ്ക് അറിയിച്ചിരുന്നതെന്നും എന്നാൽ പറഞ്ഞതിലും ഒരാഴ്ച മുമ്പെ വീട് ജപ്തി ചെയ്തെന്നും അവശ്യ സാധനങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെന്നും അച്ഛൻ പറഞ്ഞു.

കേരള ബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് 2018 ലാണ് മൂന്ന് ലക്ഷം രൂപ പ്രഭുലാൽ വായ്പ എടുത്തത്. 8000 രൂപയായിരുന്നു മാസം അടക്കേണ്ടത്. ജപ്തി നോട്ടീസ് ലഭിച്ചപ്പോൾ തന്നെ വായ്പാ തിരിച്ചടവിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നതായി പ്രഭുലാലിൻ്റെ കുടുംബം പറയുന്നു. കെട്ടിട നിർമ്മാണതൊഴിലാളിയായിരുന്നു പ്രഭുലാൽ. ജോലിക്കിടയിൽ വീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു