എമ്പുരാന്‍റെ പുതിയ പതിപ്പ് ഇന്നോ നാളെയോ എത്തും; വെട്ടി മാറ്റുക 3 മിനുട്ട് രംഗം. വില്ലന്‍റെ പേര് മാറ്റും

ബിജെപി, ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നുണ്ടായ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് കത്രിക വെച്ച എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് വൈകീട്ടോ നാളെ രാവിലെയോ തിയേറ്ററുകളിലെത്തും. വിവാദമുണ്ടായതിനെ തുടർന്ന് ചില രംഗങ്ങളും പരാമർശങ്ങളും ഒഴിവാക്കണമെന്ന് നിര്‍മ്മാതാക്കളും സെൻസർഷിപ്പ് ബോർഡും ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തെ ഇരുപത് മിനിറ്റോളം ഒഴിവാക്കണമെന്ന്
കേന്ദ്ര സെൻസർ ബോർഡ് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
എന്നാല്‍ ചർച്ച ചെയ്ത് മൂന്നു മിനിറ്റോളം വെട്ടിമാറ്റിയാൽ മതിയെന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു.
സിനിമയിൽ നിന്ന് ഗുജറാത്ത് കലാപ രംഗങ്ങളും ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ഒഴിവാക്കും
സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ ബജ്‌രംഗി എന്ന പേര് ബല്‍രാജ് എന്നാക്കി മാറ്റും. പേരു മാറ്റമോ പേര് പരാമർശിക്കുന്ന ഭാഗങ്ങളിൽ മ്യൂട്ട് ചെയ്യുകയോ ചെയ്യുമെന്നാണ് വിവരം

എഡിറ്റ് ചെയ്ത ശേഷം വ്യാഴാഴ്ചയോടെ ചിത്രത്തിൻ്റെ പുതിയ പതിപ്പെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ സെൻസർ ബോർഡ് സമയം വെച്ചതോടെ തിടുക്കത്തിൽത്തന്നെ സിനിമയുടെ റീ എഡിറ്റിങ് നടത്തുകയായിരുന്നു. ഇന്നലെയും ഇന്നും അവധി ദിവസങ്ങളായിട്ടും സിനിമയുടെ എഡിറ്റിങ് സംബന്ധിച്ച് സെൻസർ ബോർഡംഗങ്ങൾ പ്രത്യേക യോഗം ചേരുകയും മാറ്റം വരുത്തേണ്ട രംഗങ്ങള്‍ വീണ്ടും സിനിമ കണ്ട് തീരുമാനിക്കുകയും ചെയ്യുകയായിരുന്നു

അതിനിടെ ഹേറ്റ് ക്യാമ്പയിനും വിവാദങ്ങളും ശക്തമായ സാഹചര്യത്തിൽ സിനിമയിലെ നായകന്‍ മോഹൻലാൽ ഖേദ പ്രകടനം നടത്തി എഫ്ബിയില്‍ പോസ്റ്റ് ഇട്ടിരുന്നു. സിനിമയുടെ സംവിധായകൻ പൃഥ്വിരാജും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും മോഹൻലാലിന്റെ പോസ്റ്റ് പങ്ക് വെയ്ക്കുകയും ചെയ്‌തിരുന്നു. അതേ സമയം സിനിമയുടെ എഴുത്തുകാരനായ മുരളി ഗോപി ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല സിനിമാസംഘടനകളും മൗനം പാലിക്കുകയാണ്.
സിനിമാ മേഖലയിൽ നിന്ന് പൃഥ്വിരാജിന്‍റെ അമ്മ
മല്ലികാ സുകുമാരനും സീമ ജി നായരുമാണ് ഇതു വരെ
പൃഥ്വിരാജിനെയും സിനിമയേയും അനുകൂലിച്ചു കൊണ്ട് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്