മോഹൻലാല്‍ നായകനായെത്തിയ എമ്പുരാൻ പ്രമേയത്തെ ചൊല്ലി വിവാദമുയർന്നതിന് പിന്നാലെ മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരേ നടത്തിയ സൈബർ ആക്രമണത്തിൽ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ. ഡിജിപി ക്കാണ് സുഭാഷ് പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി.
അതിനിടെ എമ്പുരാനിൽ സീനുകൾ വെട്ടാൻ തീരുമാനിച്ചിട്ടും വിവാദം തീര്‍ന്നിട്ടില്ല. സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘപരിവാർ അനുകൂലികൾ. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയിൽ ഐക്യദാർഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും.
എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തുക. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.