പ്രണയിച്ച 2 യുവതികളെയും നിരാശനാക്കിയില്ല; ഒരേ വേദിയില്‍ താലി ചാർത്തി യുവാവ്

പ്രണയിച്ച രണ്ടു യുവതികളെയും നിരാശരാക്കാതെ ഒരേ വേദിയില്‍ വെച്ച് അവര്‍ക്ക് താലിചാര്‍ത്തി യുവാവ്. തെലങ്കാനയിലെ കുമുരംഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം. ഗുംനൂര്‍ നിവാസിയായ സൂര്യദേവ് ആണ് കാമുകിമാരായ ലാല്‍ ദേവി, ഝാല്‍ക്കാരി ദേവി എന്നിവരെ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. രണ്ടു പേരുമായും സൂര്യദേവ് പ്രണയത്തിലായിരുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്നാണ് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തതെന്നും ഇതിന് പിന്നാലെയാണ് ഒരേ ചടങ്ങില്‍ വിവാഹം കഴിച്ചതെന്നുമാണ് റിപ്പോർട്ടുകൾ

ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ആദ്യം ഇതിനെ അനുകൂലിച്ചിരുന്നില്ല. എന്നാല്‍, പിന്നീട് ഇവര്‍ വിവാഹത്തിന് സമ്മതം നല്‍കുകയും ആഘോഷപൂര്‍വം വിവാഹചടങ്ങ് നടത്തുകയുമായിരുന്നു.
വിവാഹത്തിന് മുന്നോടിയായി അച്ചടിച്ച ക്ഷണക്കത്തിലും വരന്റെ പേരിനൊപ്പം രണ്ട് വധുക്കളുടെയും പേരുകള്‍ ചേര്‍ത്തിരുന്നു. ആചാര പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മൂവരുടെയും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം വിവാഹചടങ്ങില്‍ പങ്കെടുത്തു