ലഹരിക്കച്ചവടത്തിന് മറയാക്കാന്‍ അമ്മ മകനെയും ലഹരിക്കടിമയാക്കി ; വാളയാറില്‍ നിന്ന് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരം

വാളയാർ : അമ്മയും മകനും പ്രതികളായ ലഹരിക്കേസില്‍ മകനെ ലഹരി ഇടപാടുകാരനാക്കിയത് അമ്മയെന്ന് എക്സൈസ്. ലഹരി ഇടപാടിന് മകന്‍ തടസ്സം നിൽക്കാതിരിക്കാനാണ് അമ്മ തന്നെ മകനെ ലഹരി ഉപയോഗിക്കാന്‍ ശീലിപ്പിച്ചതെന്നും എക്സൈസ് പറഞ്ഞു. വാളയാറിൽ ഇന്നലെയാണ് എം.ഡി.എം.എയുമായി അമ്മയും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിലായത്. തൃശൂർ സ്വദേശിനി അശ്വതി, മകൻ ഷോൺ സണ്ണി കോഴിക്കോട് സ്വദേശികളായ പി.മൃദുൽ അശ്വിൻലാൽ എന്നിവരാണ് പിടിയിലായത്.

ലഹരി ഉപയോഗിക്കുന്നത് പതിവാക്കിയ അശ്വതി പിന്നീട് മകനെയും ഈ പാതയിലേക്ക് നയിക്കുകയായിരുന്നു. മകന് ലഹരി ഉപയോഗിക്കാൻ നൽകിയതിനൊപ്പം വിൽപ്പനക്കാരനാക്കി മാറ്റുകയും ചെയ്തു. അമ്മയും മകനും ആയതു കൊണ്ടു തന്നെ ആരും ഇവരെ സംശയിച്ചതുമില്ല. ലഹരിക്കൊപ്പം സാമ്പത്തിക നേട്ടം കൂടിയായപ്പോള്‍ ഇരുവരും ഒരു മടിയും കൂടാതെ ലഹരി ഇടപാടുകാരായി

ബെംഗലൂരുവിൽ നിന്നും ശേഖരിച്ച് എറണാകുളത്തെ പതിവുകാർക്ക് കൈമാറാനുള്ള വരവിനിടെയാണ് വാളയാറിൽ എക്സൈസുകാർ നാലുപേരെയും കുടുക്കിയത്. കാറിൽ നിന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉൾപ്പെടെ കണ്ടെടുത്തു. ഈ യാത്രയിൽ ബെംഗലൂരുവിനും വാളയാറിനും ഇടയിൽ ഒട്ടേറെ തവണ ലഹരി ഉപയോഗിച്ചെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. കൂടുതൽ വിവരങ്ങൾ എക്സൈസ് സംഘം പരിശോധിച്ച് വരികയാണ്