തിരുവനന്തപുരം ; സമരം ചെയ്യുന്ന ആശാവർക്കർമാരെ ചേർത്തു പിടിച്ച് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അവരുടെ പിന്തുണ ഉറപ്പിക്കാന്‍ യുഡിഎഫ് നീക്കം. തങ്ങളുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആശാവർക്കർമാരുടെ ആവശ്യത്തോട് സർക്കാരും ഇടതു മുന്നണിയും മുഖം തിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ തങ്ങൾ ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തനതു ഫണ്ടില്‍ നിന്ന് ഇത് വർധിപ്പിച്ചു നൽകാനാണ് യുഡിഎഫ് ആലോചിക്കുന്നത്. കുറഞ്ഞത് 1000 രൂപയെങ്കിലും വര്‍ധിപ്പിക്കാനാണ് തീരുമാനം. പഞ്ചായത്ത് കമ്മറ്റികള്‍ ചേര്‍ന്ന് വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കും. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്ക് കെപിസിസി സര്‍ക്കുലര്‍ നല്‍കും. ഇത്തരമൊരു നീക്കത്തിന്‍റെ ഭാഗമായാണ് ആശമാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലെ ഒരു പഞ്ചായത്തും സമാനമായ നടപടി ബജറ്റില്‍ സ്വീകരിച്ചിരുന്നു.
ഓണറേറിയം വര്‍ധിപ്പിക്കുന്നത് സിപിഎമ്മിനെയും സർക്കാരിനെയും സമ്മർദ്ദത്തിലാക്കുമെന്ന് മാത്രമല്ല നൂറുകണക്കിന് ആശമാരുടെയും കുടുംബങ്ങളുടെയും പിന്തുണ തങ്ങൾക്ക് ലഭ്യമാകും എന്ന പ്രതീക്ഷയിലും കണക്ക് കൂട്ടലിലുമാണ് യു ഡിഎഫ്. പക്ഷേ ഇതിന്‍റെ നിയമപരമായ വശങ്ങൾ എന്തൊക്കയായിരിക്കും എന്നതും കൂടി പരിഗണിച്ചായിരിക്കും ഭാവി നീക്കങ്ങൾ. അതിനിടെ ആശ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി ഇന്ന് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44 ആം ദിവസത്തിലേക്ക് കടന്നു. ആശമാരുടെ കൂട്ട ഉപവാസം ഇന്ന് രണ്ടാം ദിവസമാണ്. എം. എ ബിന്ദുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമരം ആറാം ദിവസം പിന്നിടുകയാണ്