ബഹിരാകാശ ശാസ്ത്രജ്‌ഞരായ സുനിത വില്യംസും ബുഷ് വിൽമോറും മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ. ഫ്ലോറിഡ തീരത്ത് യു എസ് സമയം ചൊവ്വാഴ്‌ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.30) സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് നാസയുടെ പ്രസ്താവനയിൽ പറയുന്നത്. സുനിതയ്ക്കും വിൽമോറിനുമൊപ്പം നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക് ഹേഗും റോസ്കോസ്മോസ് ബഹിരാകാശ യാത്രികനായ അകല്സാന്ദർ ഗോർബുണോവും സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ക്യാപ്സ്യൂളിൽ ഉണ്ടാകും.
സുനിതയും സംഘവും ഭൂമിയിലേക്ക് എത്തുന്നതിന്റെ ലൈവ് സംപ്രേഷണം ചെയ്യുമെന്നും നാസ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
എക്സ് ക്രൂ-9 മടങ്ങി വരുന്നതിനുള്ള അന്തിമ ഒരുക്കങ്ങൾ ഇന്ത്യൻ സമയം നാളെ രാവിലെ എട്ടര മുതൽ നാസ സ്ട്രീം ചെയ്യും 9 മാസം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം നാസയുടെ ബഹിരാകാശ ശാസ്ത്രജ്‌ഞരായ സുനിതയും വിൽമോറും ഉള്‍പ്പെടെയുള്ളവരെ തിരികെയെത്തിക്കാനുള്ള സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ഇന്നലെ രാവിലെ ഒൻപതരയോടെയാണ് ഡോക്കിങ് പൂർത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്. പുതുതായി ബഹിരാകാശത്തെത്തിയവര്‍ക്ക് ഹാൻഡ് ഓവർ ഡ്യൂട്ടികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകാനുള്ളതിനാലാണ് മടക്കയാത്ര കുറച്ചു കൂടി നീളുന്നതെന്നും നാസയുടെ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.