മുഖ്യ പ്രതിഅനുരാജ് കഞ്ചാവിന് ഗൂഗിൾ പേ വഴി പണം നൽകി ;കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പൊലീസ്

കളമശേരി ; ഗവ. പോളിടെക്നിക് കോളജിലെ കഞ്ചാവ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസില്‍ പിടിയിലായ മുഖ്യ പ്രതി അനുരാജ് കഞ്ചാവ് വാങ്ങാൻ ഗൂഗിൾ പേ വഴി 16,000 രൂപ കൈമാറിയെന്ന് പൊലീസ് കണ്ടെത്തി. അനുരാജ് വഴിയാണ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണം നടത്തിയിരുന്നത്. കഞ്ചാവിനായി ഗൂഗിൾ പേ വഴിയല്ലാതെ അനുരാജ് നേരിട്ടും പണം നൽകിയിട്ടുണ്ട്. പരിചയമുള്ള ആൾ ആയതിനാൽ അനുരാജിന് കടമായിട്ടും കഞ്ചാവ് നൽകിയിട്ടുണ്ടെന്ന് പിടിയിലായ ഷാലിഖ് മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് ആറ് മാസമായെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പിടിയിലായ ഷാലിഖിനും ആഷിഖിനും ഇതര സംസ്ഥാന തൊഴിലാളി വഴിയാണ് മൊത്തമായി കഞ്ചാവ് ലഭിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

ഹോസ്റ്റലില്‍ എത്തിച്ചതിന് ശേഷം കാണാതായ രണ്ട് കിലോ കഞ്ചാവിന് വേണ്ടി പോലീസ് തിരച്ചിൽ തുടരുകയാണ്.
ആലുവയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ചില ആളുകൾ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറയുന്നു. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്