കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കിയ ഷൈനിയെ മരിക്കുന്നതിന് നാല് മണിക്കൂർ മുൻപ് ഭർത്താവ് നോബി ലൂക്കോസ് ഫോണിൽ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ജോലിക്ക് ഇറാഖിലേക്ക് പോകാനായി വിമാനത്താവളത്തിൽ ഇരിക്കുമ്പോൾ പുലർച്ചെ ഒരു മണിക്കാണ് ഷൈനിയെ വിളിച്ചത്. ഷൈനിയ്ക്ക് അങ്ങേയറ്റം മാനസിക വേദനയുണ്ടാക്കുന്ന കാര്യങ്ങളാണ് നോബി സംസാരിച്ചതെന്ന് പോലീസ് പറഞ്ഞു.നോബിയുടെ വിളി വന്ന് നാലു മണിക്കൂര്‍ കഴിഞ്ഞ് 5.25നാണ് ഭാര്യ ഷൈനിയും മക്കളായ അലീന (11), ഇവാന (10) എന്നിവരും ജീവനൊടുക്കിയത്.നോബി ഡിലീറ്റ് ചെയ്ത വാട്സാപ് സന്ദേശങ്ങൾ വീണ്ടെടുക്കാനാണ് പൊലീസിന്‍റെ ശ്രമം. ഷൈനിയുടെ മൊബൈൽ ഫോണും പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരിക്കുന്നതിന് തലേ ദിവസവും നോബി ഷൈനിക്ക് വാട്സ് ആപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും അവ ഡിലീറ്റ് ചെയ്തെന്നും നോബിയുടെ മൊഴിയിലുണ്ട്.
അതിനിടെ ഭര്‍ത്താവില്‍ നിന്ന് ഷൈനിയും മക്കളും കടുത്ത ശാരീരിക മാനസിക പീഡനമാണ് അനുഭവിച്ചതെന്ന് ഷൈനിയുടെ മാതാപിതാക്കളും മൊഴി നൽകിയിട്ടുണ്ട്. ദമ്പതികളുടെ വിവാഹമോചനക്കേസ് ഏറ്റുമാനൂർ കുടുംബ കോടതിയിൽ നിലനിൽക്കെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇവർ ജീവനൊടുക്കിയത്. കുഞ്ഞുങ്ങളുമായി പള്ളിയിലേക്കെന്ന് പറഞ്ഞ് റെയില്‍വെ ട്രാക്കിലേക്കു പോകുന്ന ഷൈനിയുടെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഭർത്താവ് നോബി ലൂക്കോസിനെ ഏറ്റുമാനൂർ മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.