ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ച; ഉറവിടം കണ്ടെത്തി.. അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ

കോഴിക്കോട്: SSLC ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ എന്ന് കണ്ടെത്തല്‍. പ്യൂണ്‍ ആയ മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെ അറസ്റ്റ് ചെയ്തു. ഇയാൾ ചോദ്യപേപ്പർ ചോർത്തി എം.എസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന് നൽകുകയായിരുന്നു. ഈ ചോദ്യങ്ങൾ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഫഹദിനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മൂന്ന് പാദ വാര്‍ഷിക പരീക്ഷകളിലായി പൊതു വിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ ചോര്‍ത്തി എം.എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017-ലാണ് എം.എസ് സൊല്യൂഷന്‍ യുട്യൂബ് ചാനല്‍ തുടങ്ങിയത്. 2023-ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. 2024 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയുടേയും ഓണം, ക്രിസ്മസ് പരീക്ഷകളുടേയും സമയത്ത് കാഴ്ചക്കാരുടെ എണ്ണം വീണ്ടും കൂടിയതായാണ് കണ്ടെത്തൽ. പരീക്ഷക്ക് വരുന്ന ചോദ്യങ്ങൾ കൃത്യമായി മുൻകൂട്ടി പ്രവചിക്കുന്നതിനാൽ തന്നെ കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി വലിയ വരുമാനം ആണ് ഈ ചാനൽ നേടിക്കൊണ്ടിരുന്നത്