കേരളം നടുങ്ങിയ കൂട്ടക്കൊല; അഫാൻ ലഹരി ഉപയോഗിച്ചു, കൊലപാതകങ്ങള്‍ക്ക് ശേഷം കുളിച്ചെന്നും മദ്യപിച്ചെന്നും മൊഴി

തിരുവനന്തപുരം: അഫാൻ എന്ന 23-കാരൻ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം 5 പേരെ ക്രൂരമായി കൊലപ്പെടുത്തിയതിന്‍റെ നടുക്കത്തിലാണ് നാട്. ഇതിനിടെ അഫാൻ ലഹരി ഉപയോഗിച്ചതിൻ്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട് . ഏത് തരം ലഹരി ആണെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് DYSP കെ എസ് അരുൺ പറഞ്ഞു. പ്രതി ലഹരിക്കടിമയാണോ എന്നും പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും
പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്

കൊല്ലപ്പെട്ടവരുടെയെല്ലാം മുഖം ചുറ്റിക കൊണ്ട് അടിച്ചു തകർത്ത നിലയിലാണുള്ളത്. ഈ ചുറ്റിക കണ്ടെടുത്തിട്ടുണ്ട്. ഇത് വാങ്ങിയ കടയും തിരിച്ചറിഞ്ഞു. ഇത്രയും മൃഗീയമായി കൊലപാതകം നടത്തണമെങ്കിൽ പ്രതി ലഹരിക്കടിമയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സ്വാധീനമോ ഉണ്ടാകും എന്നാണ് കരുതുന്നത്. പ്രതിയുടെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേ സമയം അഫാന്‍റെ അമ്മയുടെ ആരോ​ഗ്യ നിലയിൽ ഇന്ന് നേരിയ പുരോ​ഗതിയുണ്ട്. നേരത്തെ അഫാന്‍ കൂട്ട ആത്മഹത്യക്ക് ശ്രമിച്ചെന്നും അമ്മ പിന്മാറിയെന്നുമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. മൊബൈല്‍ വാങ്ങി നല്‍കാത്തതിന് 7 വര്‍ഷം മുമ്പും അഫാന്‍ എലി വിഷം കഴിച്ചിരുന്നെന്ന് വിവരമുണ്ട്

കൊലപാതക പരമ്പരയുടെ തുടക്കം ഉമ്മൂമ്മ സൽമാ ബീവിയുടെ വീട്ടിൽ നിന്നാണ് എന്നാണ് അനുമാനം. ഉമ്മൂമ്മയെ കൊലപ്പെടുത്തുന്നതിന് വേണ്ടി വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് കല്ലറയിലെ വീട്ടിലേക്ക് ഉച്ചയ്ക്ക് 12.30ന് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 11.30ന് പള്ളിയിലെ സെക്രട്ടറി പിരിവിന് വേണ്ടി സൽമാബീവിയുടെ വീട്ടിൽ എത്തിയിരുന്നു. അതിന് ശേഷമാണ് അഫാൻ സൽമാ ബീവിയുടെ വീട്ടിൽ എത്തിയതെന്നാണ് വിവരം. സൽമാ ബീവിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല പ്രതി എടുത്തിട്ടുണ്ടെന്നാണ് വിവരം. ഈ മാല ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള പ്രതികാരമാണ് സൽമാ ബീവിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് മൊഴി. പ്രതി, വെഞ്ഞാറമൂട്ടിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന്, ആഭരണം തരാം എന്ന് പറഞ്ഞ് പണയം വെക്കുന്നതിന് മുമ്പ് തന്നെ കടമായി പണം വാങ്ങിയിരുന്നു. ഈ പണം ഉപയോഗിച്ച് വെഞ്ഞാറമൂടിൽ നിന്ന് ചുറ്റിക വാങ്ങി, വണ്ടിയില്‍ പെട്രോളും അടിച്ചു

പിന്നീട് പ്രതിയുടെ പിതാവ് റഹീമിന്റെ സഹോദരൻ ലത്തീഫിനേയും ഭാര്യ ഷാഹിദയേയുമാണ് കൊലപ്പെടുത്തുന്നത്. ഇതിന് ശേഷം തിരികെ വീട്ടിലെത്തി ഉമ്മയെ ആക്രമിച്ചു. പെൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. ശേഷം സഹോദരനേയും കൊലപ്പെടുത്തുന്നു. എല്ലാം കഴിഞ്ഞ ശേഷം ഓട്ടോറിക്ഷയിൽ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി എന്നാണ് കരുതുന്നത്

അതേസമയം എന്താണ് യഥാർത്ഥ കൊലപാതക പരമ്പരയ്ക്കുള്ള കാരണം എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പിതാവിന്റെ കടബാധ്യത പരിഹരിക്കാനാണ് കൊലപാതകമെന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. പിതാവിന്റെ കടബാധ്യത പരിഹരിക്കാൻ ഒരു മാർഗവും കണ്ടില്ല. ബന്ധുക്കളെ സമീപിച്ചപ്പോൾ അവരും സഹായിച്ചില്ല. അതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫാൻ നൽകിയ മൊഴി. എന്നാൽ മൊഴിയിൽ വൈരുദ്ധ്യങ്ങളുള്ളതിനാല്‍ ഇത് പൂർണ്ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. കൊലപാതകങ്ങൾക്ക് ശേഷം താൻ എലിവിഷം കഴിച്ചു എന്ന് പറഞ്ഞതിനാൽ അഫാൻ ഇപ്പോൾ ചികിത്സയിൽ ആണുള്ളത്.
അഫാന്‍റെ ആരോഗ്യ നില പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കൂടുതൽ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. അതിന് ശേഷമേ കൊലപാതകത്തിന്‍റെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂ.