റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ മഹാത്മാഗാന്ധിയുടെ പേരും ചിത്രവും ; പരാതിയുമായി മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷന്‍

കോട്ടയം ; റഷ്യയിലെ മദ്യ കമ്പനിയായ റിവോർട്ട് ബ്രൂവറിയാണ് മഹാത്മാഗാന്ധിയുടെ പേരും ചിത്രവും ഒപ്പും പതിപ്പിച്ച് ബിയ‌ർ പുറത്തിറക്കിയത്.
ഇതിനെതിരെ പരാതിയുമായി കോട്ടയം പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷന്‍ രംഗത്തെത്തിയിക്കുകയാണ് . മദ്യക്കമ്പനിയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന, റഷ്യൻ പ്രസിഡന്‍റിനും ഇന്ത്യൻ പ്രസിഡന്‍റിനും റഷ്യൻ എംബസിക്കും പരാതി നല്‍കി. കേന്ദ്ര സ‍ർക്കാർ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നാണ് മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെടുന്നത്.

റഷ്യൻ മദ്യ കമ്പനി ബിയർ ക്യാനിൽ മഹാത്മഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ ദേശീയ തലത്തിലും സമൂഹ മാധ്യമങ്ങളിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഒഡീഷ മുൻ മുഖ്യമന്ത്രി നന്ദിനി സത്പ്തിയുടെ ചെറുമകൻ സുപർണോ സത്പ്തി എക്സിൽ ബിയർ ക്യാനുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ നിരവധി ആളുകൾ പ്രതിഷേധവുമായെത്തിയിരുന്നു. ജീവിത കാലം മുഴുവന്‍ മദ്യവിരുദ്ധ നിലപാട് സ്വീകരിച്ച മഹാത്മാഗാന്ധിയെ അവഹേളിക്കുന്നതാണ് റഷ്യൻ സമീപനമെന്നാണ് വിമർശനം.

മുമ്പ് ഇസ്രയേലിലെയും ചെക്ക് റിപ്പബ്ലിക്കിലെയും മദ്യ കമ്പനികൾ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച മദ്യം പുറത്തിറക്കിയിരുന്നു. ഒടുവിൽ ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് രണ്ട് രാജ്യങ്ങളും അത് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. അതേസമയം അന്താരാഷ്ട്ര തലത്തിൽ പ്രമുഖരായവരോടുള്ള ആദരവിന്‍റെ ഭാഗമായാണ് ബിയർ ക്യാനുകളിൽ ഇങ്ങനെ പേരും ചിത്രങ്ങളും പതിപ്പിക്കുന്നതെന്നാണ് റഷ്യൻ മദ്യ കമ്പനി പറയുന്നത്.