വീണ്ടും ജാതിവെറി; ബുള്ളറ്റ് ഓടിച്ചതിന് യുവാവിന്റെ കൈ വെട്ടി മാറ്റി

ബുള്ളറ്റ് ഓടിച്ചതിന് തമിഴ്നാട്ടില്‍ യുവാവിന്റെ കൈ വെട്ടി മാറ്റി. ശിവഗംഗ മാനാമധുര മേലപ്പിടാവൂർ ഗ്രാമത്തിലെ ദലിത് യുവാവായ അയ്യാസ്വാമിയാണ് ക്രൂരതയ്ക്ക് ഇരയായത്. ബിഎസ്‌സി വിദ്യാർഥിയായ അയ്യാസ്വാമിക്ക് ഒരു വർഷം മുൻപാണ് പിതൃ സഹോദരൻ പുതിയ ബുള്ളറ്റ് വാങ്ങി നൽകിയത്. എന്നാൽ, പിറ്റേന്ന് തന്നെ ഇതര സമുദായത്തിൽപ്പെട്ടവരെത്തി അടിച്ചു തകർത്തു. ഇതിനെതിരായ കേസ് നിലനിൽക്കെയാണു പുതിയ സംഭവം. അതിക്രമത്തിൽ വിനോദ്, ആദി ഈശ്വരൻ, വല്ലരശ് എന്നിവരെ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം അറസ്റ്റു ചെയ്തു

കോളജിൽ നിന്ന് ബൈക്കിൽ വരികയായിരുന്ന അയ്യാസ്വാമിയെ വഴിയിൽ തടഞ്ഞു നിർത്തിയ മൂവർ സംഘം, നീ ഞങ്ങളുടെ മുന്നിൽ ബുള്ളറ്റ് ഓടിക്കാറായോ എന്ന് ചോദിച്ച് ജാതി അധിക്ഷേപം നടത്തിയ ശേഷം ഇരു കൈകളിലും വെട്ടിയെന്നാണ് പറയുന്നത്. തുടർന്ന് ഇവർ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. നിലവിളി കേട്ടെത്തിയവർ അയ്യാസ്വാമിയെ മധുര രാജാജി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്കു വിധേയനാക്കി