15കാരനെ തട്ടിക്കൊണ്ടുപോയത് സിനിമാസ്റ്റൈലിൽ ; പിന്നിൽ പ്രണയ വൈരാഗ്യം, നേരത്തെയും തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു

തിരുവനന്തപുരം : സിനിമാ മോഡല്‍ തട്ടിക്കൊണ്ടു പോകലാണ് ഇന്നലെ രാത്രി മംഗലപുരത്ത് നടന്നത്. നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടു പോയ 15കാരനെ കീഴാറ്റിങ്ങലിലെ റബർ തോട്ടത്തിൽ നിന്നാണ് അർദ്ധരാത്രിയോടെ കണ്ടെത്തിയത്. തട്ടികൊണ്ടു പോകലിന് പിന്നില്‍ പ്രണയ വൈരാഗ്യമാണെന്ന് പോലീസ് വ്യക്തമാക്കി. മംഗലപുരം വേങ്ങോട് കുടവൂ സ്വദേശികളായ അശ്വനിദേവ്, ശ്രീജിത്ത്, സഹോദരങ്ങളായ അഭിറാം, അഭിരാജ് എന്നിവരാണ് തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായിട്ടുള്ളത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് ഇടവിളാകത്ത് താസമിക്കുന്ന പത്താം ക്ളാസുകാരനെ വീട്ടിൽ നിന്നറക്കി നാലംഗ
സംഘം കാറിൽ തട്ടി കൊണ്ടു പോയത്. കുട്ടിയുടെ മാതാപിതാക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്. അമ്മൂമ്മയ്ക്കൊപ്പമായിരുന്നു താമസം. അമ്മൂമ്മയുട പരാതിയില്‍ പോലീസും നാട്ടുകാരും വിവിധ സംഘങ്ങളായി തിരിഞ്ഞ് നാടരിച്ചു പെറുക്കി അന്വേഷണം തുടങ്ങി. അർധരാത്രിയോടെ കീഴാറ്റിങ്ങലിലെ റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതികളുടെ മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തുമ്പായത്. പൊലീസിനെ കണ്ട രണ്ടു പ്രതികൾ കാറിൽ രക്ഷപ്പെട്ടു. മറ്റ് 2 പേര്‍ പിടിയിലായി. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതികളെയും തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച കാറും പുലർച്ചെ മൂന്നു മണിയോടെയാണ് പൊലീസ് പിടികൂടിയത്.

സംഭവത്തിന് പിന്നിൽ പ്രണയക്കുശുമ്പാണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. തട്ടിക്കൊണ്ടു പോയ കുട്ടിയുടെ സഹപാഠിയായ പെൺകുട്ടിയുമായി പ്രതികളിൽ ഒരാളായ അശ്വിനിദേവ് നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ കുട്ടിയുമായി പെൺകുട്ടി സൗഹൃദം തുടങ്ങിയതോടെ അശ്വിനിദേവുമായി അകന്നു. ഈ വൈരാഗ്യത്തിലാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്.

മറ്റ് മൂന്നു പ്രതികളും അശ്വിനിദേവിന്റെ സുഹൃത്തുകളാണ്. 24 വയസില്‍ താഴെയുള്ള പ്രതികള്‍ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് വിവരമെങ്കിലും ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.
കുട്ടിയെ ഇക്കഴിഞ്ഞ ശനിയാഴ്‌ചയും ഇതേ സംഘം തട്ടിക്കൊണ്ടുപോയി കാലും കൈയ്യും കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചിരുന്നതായി കുടുംബം അറിയിച്ചു. അന്ന് വൈകിട്ടാണ് പ്രതികൾ പതിനഞ്ചുകാരനെ വിട്ടയച്ചത്. ഇക്കാര്യം കുടുംബം പൊലീസിനെ അറിയിച്ചെങ്കിലും രേഖാമൂലം പരാതി നൽകിയിരുന്നില്ലെന്നാണ് വിവരം.