അമേരിക്കയില്‍ പിടിയിലായി നാട് കടത്തിയ ഇന്ത്യക്കാര്‍ക്ക് സൈനിക വിമാനത്തില്‍ നേരിടേണ്ടി വന്നത്
ദുരിത യാത്ര. കാലില്‍ ചങ്ങലയണിയിച്ചും കൈവിലങ്ങിട്ടുമാണ് വിമാനത്തില്‍ ഇരുത്തിയതെന്നും
40 മണിക്കൂര്‍ ശുചിമുറി ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ലെന്നും തിരിച്ചെത്തിയവര്‍ പറഞ്ഞു
നരകത്തേക്കാള്‍ മോശം എന്നാണ് തിരിച്ചെത്തിയ ഹര്‍വീന്ദര്‍ സിങ് പറഞ്ഞത്. തുടര്‍ച്ചയായ അഭ്യര്‍ഥനയ്ക്ക് ശേഷമാണ് ശുചിമുറി അനുവദിച്ചതെന്നും വാതില്‍ തുറന്ന് അകത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നും ഇയാള്‍ ചൂണിക്കാട്ടി.
”ഞങ്ങളെ മറ്റൊരു ക്യാപിലേക്ക് കൊണ്ടു പോകുകയാണെന്നാണ് കരുതിയത്. പൊലീസ് ഉദ്യോഗസ്ഥനാണ് ഇന്ത്യയിലേക്കാണെന്ന് അറിയിച്ചത്. കൈയില്‍ വിലങ്ങും കാലില്‍ ചങ്ങല കൊണ്ടും ബന്ധിച്ചിരുന്നു.” – പഞ്ചാബില്‍ നിന്നുള്ള 36 കാരനായ ജസ്പാല്‍ സിങ് പറഞ്ഞു
നാടു കടത്തപ്പെട്ടവരെ യുഎസിലെത്താൻ സഹായിച്ചത് ആരാണെന്നും അനധികൃത കുടിയേറ്റ ഏജന്‍റുമാർക്ക് എത്ര പണം നൽകിയെന്നതും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കും. പണം നല്‍കിയവരാല്‍ വഞ്ചിക്കപ്പെട്ടെന്നാണ് തിരിച്ചെത്തിയവര്‍ കരുതുന്നതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യുഎസിലേക്ക് കടക്കാന്‍ ഒരു കോടി രൂപ നല്‍കി എന്നാണ് ഒരു ഗുജറാത്തി കുടുംബം പറഞ്ഞത്. അമൃത്‌സറിലെ ഒരു യുവാവ് ഒന്നര ഏക്കർ സ്ഥലം വിറ്റ് 42 ലക്ഷം രൂപ ചെലവഴിച്ചാണ് അമേരിക്കന്‍ മോഹത്തിന് വിത്തിട്ടത്. ഏതാനും മാസങ്ങൾക്ക് മുന്‍പ് മെക്സിക്കോ വഴിയാണ് ഇയാള്‍ യുഎസിലെത്തിയത്
ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ എത്തിക്കുന്നത്. ഇതിന് മുന്‍പ് 2024 ഒക്ടോബറിലാണ് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.
ടെക്‌സാസില്‍ നിന്നും നാടുകടത്തിയ ഇന്ത്യക്കാരുമായെത്തിയ ആദ്യ വിമാനം ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അമൃത്‍സറിലെ ശ്രീ ഗുരു റാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയത്