കണ്ണൂര്‍ : പാതി വില തട്ടിപ്പിലെ മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായി പൊലീസ് കണ്ടെത്തി. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക നിഗമനം. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് കരുതുന്നത്. 450 കോടിയില്‍ 2 കോടി രൂപ അനന്തു ഭൂമി വാങ്ങാൻ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും ഭൂമി വാങ്ങിയിട്ടുണ്ട്.
അതിനിടെ അനന്തുവിൻ്റെ കാറും ഓഫീസിലെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.തട്ടിപ്പിൽ ഇഡിയും പ്രാഥമിക വിവര ശേഖരണം നടത്തി. സംസ്ഥാനമൊട്ടാകെ നടന്ന തട്ടിപ്പില്‍ കണ്ണൂരില്‍ മാത്രം 2000ത്തോളവും ഇടുക്കിയിൽ 1000ത്തോളവും പരാതി ലഭിച്ചിട്ടുണ്ട്. പരാതികളില്‍ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സഹായത്തോടെ വനിതകള്‍ക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും തയ്യല്‍ മെഷീനുകളും വീട്ടുപകരണങ്ങളും നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനന്തുകൃഷ്ണന്‍ സാമ്പത്തികതട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇത്തരത്തില്‍
1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക നിഗമനം.