വിഷ്ണുജയെ പ്രഭിന് സംശയം; നേരിട്ടത് അതിക്രൂര പീഡനം; വെളിപ്പെടുത്തലുമായി സുഹൃത്ത്

 

മലപ്പുറം: എളങ്കൂരിൽ വിഷ്ണുജ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത് രംഗത്ത്. വിഷ്ണുജ ഭർത്താവ് പ്രഭിനിൽ നിന്നും നേരിട്ടത് അതിക്രൂരമായ മർദ്ദനമാണെന്നും വിഷ്ണുജയെ പ്രഭിന് സംശയമായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി. ഭർത്താവിന്റെ വീട്ടിലെ ഉപദ്രവം സുഹൃത്തുക്കളോടാണ് വിഷ്ണുജ പങ്കുവെച്ചിരുന്നതെന്നും സുഹൃത്ത് പറഞ്ഞു

”അയാളവളെ ഭയങ്കരമായി ഉപദ്രവിക്കുമായിരുന്നു. കഴുത്തിന് പിടിച്ച് അടിക്കും. മാനസികമായും ശാരീരികമായും ഒരുപാട് അവളെ ദ്രോഹിച്ചിട്ടുണ്ട്. അവൾക്ക് തീരെ സഹിക്കാൻ പറ്റാതാകുമ്പോ അവളെന്നോട് എല്ലാം ഷെയര്‍ ചെയ്യുമായിരുന്നു. അവളുടെ വാട്ട്സ് ആപ്പ് അയാളുടെ ഫോണുമായി കണക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് വാട്ട്സ് ആപ്പിലൊന്നും ഞങ്ങളോട് ഫ്രീയായി സംസാരിക്കാറില്ല.
ടെല​ഗ്രാമിലാണ് സംസാരിക്കുന്നത്. അയാൾ അവളുടെ നമ്പറിൽ നിന്ന് ഇടയ്ക്ക് മെസേജ് അയക്കും. അയാളെക്കുറിച്ച് അവള് ഞങ്ങളോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയാൻ. വിളിച്ച് ഫോൺ സ്പീക്കറിലിട്ട് ഞങ്ങളോട് സംസാരിക്കാൻ അവളെ നിർബന്ധിക്കും. അവള് നേരത്തെ തന്നെ ഇത് ഞങ്ങളോട് പറഞ്ഞു വെക്കും. അവളുടെ അവസ്ഥ ക്യത്യമായി ഞങ്ങളോട് ഷെയറ് ചെയ്യാൻ പോലും അവൾക്ക് സാധിച്ചിട്ടില്ല. ഫോണൊക്കെ അയാള്‍ ചെക്ക് ചെയ്യും ” – സുഹൃത്ത് പറഞ്ഞു

പ്രബിന്റെ സങ്കൽപത്തിനനുസരിച്ചു സൗന്ദര്യം ഇല്ലാത്തതിന്റെയും ജോലി ഇല്ലാത്തതിന്റെയും പേരിൽ വിഷ്ണുജ അവഗണനയും പീഡനവും നേരിട്ടിരുന്നതായി ബന്ധുക്കളും വെളിപ്പെടുത്തി. ഇതു സംബന്ധിച്ചു യുവതി വീട്ടുകാർക്കു സൂചന നൽകിയെങ്കിലും ഭർത്താവുമായി ഒത്തു പോകാൻ വിഷ്ണുജ തന്നെ മുൻകൈ എടുത്തിരുന്നു. ജീവനൊടുക്കാനുള്ള തീരുമാനത്തിലെത്തിച്ച പ്രശ്നമെന്താണെന്ന് അന്വേഷണത്തിൽ കണ്ടെത്തണമെന്നാണ് പരാതിക്കാരനായ സഹോദരീ ഭർത്താവ് ശ്രീകാന്ത് പറഞ്ഞത്

വിഷ്ണുജ ബാങ്കിങ് പരീക്ഷാ പരിശീലനത്തിനു ചേർന്നിരുന്നു. മെലിഞ്ഞതിന്റെ പേരിലും പരിഹാസം നേരിട്ടു. പെണ്ണായി കാണാൻ പോലും കഴിയില്ലെന്നു പറഞ്ഞു തരംതാഴ്ത്തിയതായി വിഷ്ണുജ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ശേഷം പ്രബിൻ ഭാര്യയുടെ വീട്ടിൽ ഒരിക്കൽ പോലും താമസിച്ചിട്ടില്ല. 2023 മേയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇതിന് ഒരു വർഷം മുൻപു പ്രബിന്റെ വിവാഹാലോചന വന്നപ്പോൾ വിഷ്ണുജയുടെ വീട്ടുകാർ സാവകാശം ചോദിച്ചിരുന്നു.
അതിനു തയാറാകാത്തതിനാൽ വിവാഹാലോചന ഒഴിവായി. ഒരു വർഷത്തിനു ശേഷം വീണ്ടും ആലോചനയുമായി എത്തിയപ്പോഴായിരുന്നു വിവാഹം. മരിച്ച ദിവസം ഇരുവർക്കുമിടയിൽ എന്തോ കാര്യമായ പ്രശ്നം ഉണ്ടായെന്നും ബന്ധുക്കൾക്കു സംശയമുണ്ട്