നെന്മാറ എന്ന നാടിന്‍റെ പേടിസ്വപ്നമായ ചെന്താമര പൊലീസ് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 36 മണിക്കൂര്‍ നീണ്ട ഒളിച്ചുകളിയില്‍ നിന്ന് ചെന്താമരയെ പുറത്തെത്തിച്ചത് വിശപ്പാണ്. രണ്ട് ദിവസത്തില്‍ കൂടുതല്‍ ചെന്താമരയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കാന്‍ പറ്റില്ലെന്ന് പൊലീസ് കസ്റ്റഡിയിലായിരുന്ന ചേട്ടന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ ഉറപ്പായും വരുമെന്ന് ഇയാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കെണിയൊരുക്കി കാത്തിരുന്നതെന്നും ഡിവൈഎസ്പി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വീടിനു ചുറ്റും പൊലീസ് കാവലിരുന്നത്. ആ ഉന്നം തെറ്റിയില്ല. 36 മണിക്കൂറോളം വനത്തില്‍ ഒളിവില്‍ കഴിഞ്ഞ ചെന്താമര വിശന്നു വലഞ്ഞ് പുറത്തിറങ്ങിയപ്പോൾ പൊലീസിന്റെ പിടിയിലാവുകയായിരുന്നു
നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചപ്പോള്‍ ചെന്താമര ആദ്യം ചോദിച്ചത് ചോറും ചിക്കനും ഉണ്ടോയെന്നായിരുന്നു. പൊലീസുകാര്‍ ഇഡ്ഡലിയും ഓംലററ്റും വാങ്ങി നല്‍കി. ഭക്ഷണം കഴിച്ചിട്ട് ചോദ്യം ചെയ്താല്‍ പോരെയെന്ന് പ്രതി ചോദിക്കുകയും ചെയ്തു. സെല്ലിലിരുന്ന് ഒരു കൂസലുമില്ലാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഇയാളുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പൊലീസിന് മുന്നില്‍ കൂസലില്ലാതെ പ്രതി ചെയ്ത കുറ്റങ്ങളും ചെയ്യാനുദ്ദേശിച്ചിരുന്ന കാര്യങ്ങളും പറഞ്ഞു.
ഒരു തരിമ്പും കുറ്റബോധമില്ലാതെയുള്ള മാനസികാവസ്ഥയിലായിരുന്നു ചെന്താമരയെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിനിടെ പൊലീസിനോട് ക്ഷോഭിച്ചു. വിരൽ ചൂണ്ടി സംസാരിച്ചു. തന്റെ ഭാര്യയെയും മകളെയും ക്രൈംബ്രാഞ്ചിലെ ഒരു പൊലീസുകാരനെയും കൂടി കൊല്ലാനുണ്ടെന്ന് ചെന്താമര പറഞ്ഞു. എത്രകാലം കഴിഞ്ഞാലും അവസരം കിട്ടിയാൽ ഈ മൂന്നുപേരെയും വകവരുത്തുമെന്നും തന്റെ ജീവിതം നശിപ്പിച്ചവരെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നും ചെന്താമര ആവർത്തിച്ചെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസ് സ്റ്റേഷന് മുന്നില്‍ ജനരോഷം ആളിപ്പടർന്നതോടെ പ്രതിയെ ഇന്ന് പുലർച്ചെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. പ്രതിയെ ഇന്ന് ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും
2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷവും വിശപ്പ് കാരണമാണ് ചെന്താമര പിടിയിലായത്. ഭക്ഷണം കഴിക്കാന്‍ സഹോദരന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു അന്ന് പിടിയിലായത്