നടി മമ്ത ഇനി സന്യാസ പാതയിൽ; അഭിനയം മതിയാക്കി

മുൻ ബോളിവുഡ് താരം മമ്‌ത കുൽക്കർണി അഭിനയം മതിയാക്കി സന്യാസം സ്വീകരിച്ചു. പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ വെച്ചാണ് താരം സന്യാസ പാത സ്വീകരിച്ചത്. ഇനി മുതൽ ‘മാ മംമ്‌ത നന്ദഗിരി’ എന്ന് അറിയപ്പെടും.
കുംഭമേളയുടെ ഭാഗമായ 13 സന്യാസി മഠങ്ങളിൽ ഒന്നായ കിന്നർ അഘാഡയിലൂടെയാണ് സന്യാസം സ്വീകരിച്ചത്. ത്രിവേണി സംഗമത്തിൽ മുങ്ങിയ ശേഷം ആചാരപരമായ ചടങ്ങുകളോടെയായിരുന്നു ദീക്ഷ സ്വീകരിക്കൽ

90 കളിൽ ബോളിവുഡിനെ ഇളക്കിമറിച്ച താരമാണ് മമത കുൽക്കർണി. ഗ്ലാമർ വേഷങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ താരം പക്ഷെ റിയൽ ലൈഫിൽ കാഷായ വേഷത്തിലേക്ക് മാറിയിരിക്കുകയാണ്.
1991 ൽ സിനിമയിലെത്തിയ മമ്‌ത കുൽക്കർണിയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന് സൽമാൻ ഖാൻ നായകനായ കർൺ അർജുൻ ആണ്. 1999 ൽ മലയാളത്തിലും മുഖം കാണിച്ചു. കുഞ്ചാക്കോ ബോബൻ നായകനായ ‘ചന്ദാമാമ’ എന്ന ചിത്രത്തിലൂടെ. 2003 ൽ സിനിമ വിട്ടെങ്കിലും ലഹരിമരുന്ന് കേസിലടക്കം പ്രതി ചേർക്കപ്പെട്ട് വിവാദത്തിലായി. ഒടുവിൽ ഗ്ലാമർ ലോകത്തോട് വിടപറഞ്ഞ് ആത്മീയ പാതയിൽ സജീവമാകാനൊരുങ്ങുകയാണ് താരം. സന്യാസം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് മമ്ത ഇൻസ്‌റ്റഗ്രാമിലൂടെ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. പ്രയാഗ്‌രാജിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുമെന്നും അവർ വ്യക്‌തമാക്കി