തിരുവനന്തപുരം: കഠിനംകുളത്ത് വെഞ്ഞാറമൂട് സ്വദേശി ആതിര കഴുത്തിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. കൊലപാതകി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകയ്ക്കു താമസിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി
സമൂഹ മാധ്യമത്തിലൂടെ ദീർഘനാളായി ആതിരയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ആതിരയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെ വാടകയ്ക്ക് താമസമാരംഭിച്ചത്.
ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് തനിക്കൊപ്പം വരാൻ ഇയാൾ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും ആതിര അതു നിരസിച്ചതിന്റെ പകയാകാം കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് കരുതുന്നു്
തൊട്ടടുത്ത് വീടുകൾ ഉണ്ടെങ്കിലും ആതിരയുടെ നിലവിളിയോ ബഹളമോ ആരും കേട്ടില്ല. കൊല്ലാനുപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്. കഴുത്തു മുറിഞ്ഞ നിലയിലാണ് മൃതദേഹം കട്ടിലിൽ കിടന്നത്
ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകളായ ആതിര 8 വർഷം മുൻപാണ് വിവാഹം കഴിച്ചത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഭർത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു. പക്ഷെ രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം തുറന്ന് പറഞ്ഞത്