ആലപ്പുഴ: വിയറ്റ്നാം കോളനിയെന്ന സിനിമയിലൂടെ മലയാളക്കരയെ വിറപ്പിച്ച വില്ലൻ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച രംഗരാജു ഇന്നലെ രാത്രിയാണ് വിട വാങ്ങിയത്. സിനിമയിൽ വില്ലനായിരുന്നെങ്കിലും ജീവിതത്തിൽ സാധുവായ മനുഷ്യനായിരുന്നു റാവുത്തർക്ക് ജീവൻ പകർന്ന രംഗരാജുവെന്നാണ് ചലച്ചിത്രപ്രവർത്തകർ പറയുന്നത്
”ആലപ്പുഴ ഗുജറാത്തി സ്ട്രീറ്റിനോടു ചേർന്നുള്ള ഒരേക്കറോളം വരുന്ന സ്ഥലത്തായിരുന്നു വിയറ്റ്നാം കോളനി എന്ന സിനിമ ചിത്രീകരിച്ചത്. 40 ദിവസമായിരുന്നു ചിത്രീകരണം. ഹനുമാൻ ട്രേഡിങ് കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് വിയറ്റ്നാം കോളനിയാക്കി മാറ്റിയത്. ആറരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമൊക്കയുള്ള
ആളായിരുന്നു ശാന്തനും സാധുവുമായിരുന്ന വിജയ രംഗരാജു. ചിത്രീകരണത്തിനായി അദ്ദേഹം കാറിൽ വന്നിറങ്ങുമ്പോൾ പലരും ഭയപ്പെട്ട് മാറുമായിരുന്നു. എന്നാൽ,മറ്റുള്ളവരുമായി അദ്ദേഹം വളരെവേഗം സൗഹൃദത്തിലായി” സിനിമാ പ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു.
ചെന്നൈയിൽ ഫാസിലിന്റെ വീട്ടിൽ വെച്ചാണ് സിദ്ദിക്കും ലാലും വിജയ രംഗരാജുവിനെ ആദ്യം കാണുന്നത്. നടൻ സുകുമാരന്റെ വീട്ടിൽ ഫാസില്‍ അന്ന് വാടകയ്ക്കു താമസിക്കുകയായിരുന്നു. ആ ഭീമാകാരനെ സിദ്ദിക്കും ലാലും മനസ്സിൽ കുറിച്ചിട്ടു, തങ്ങളുടെ സിനിമയിലെ വില്ലനാക്കാൻ.
സിദ്ദിഖ്-ലാൽ സംവിധാനത്തിൽ മോഹൻലാൽ നായകനായ ആദ്യ ചിത്രമായിരുന്നു വിയറ്റ്നാം കോളനി. 1992-ൽ പുറത്തിറങ്ങിയ സിനിമ ആ വർഷം ഏറ്റവുമധികം കളക്‌ഷൻ നേടിയ ചിത്രവുമായി. ചിത്രം ഹിറ്റായതിനൊപ്പം ചിത്രത്തിലെ വില്ലനും മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു.