പരിക്കേറ്റ കുട്ടിയെ കടിച്ചെടുത്ത് അമ്മ നായ വെറ്റിനറി ക്ലിനിക്കിലേക്ക്.. സോഷ്യൽ മീഡിയയിൽ തരംഗമായി സ്നേഹത്തിന്‍റെയും കരുതലിന്‍റെയും വീഡിയോ

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആയി മാറിയിരിക്കുകയാണ് അമ്മ നായയുടെ സ്നേഹവും കരുതലും. പരിക്കേറ്റ നായക്കുട്ടിയെ കടിച്ചു പിടിച്ച് സഹായത്തിനായി വെറ്റിനറി ആശുപത്രിയിലേക്ക് എത്തുന്ന അമ്മനായയാണ് ഈ വീഡിയോയിൽ ഉള്ളത്. ഹൃദയസ്പർശിയായ ഈ വീഡിയോ തുർക്കിയിൽ നിന്നുള്ളതാണ്. ജനുവരി 13 -ന് ബെയ്ലിക്ദുസു ആൽഫ വെറ്റിനറി ക്ലിനിക്കിലാണ് സംഭവം. തെരുവിലെ ഒരു ചവറ്റു കൊട്ടയിൽ നിന്നാണ് മരണാസന്ന നിലയിൽ കിടന്ന കുഞ്ഞിനെയുമെടുത്ത് നായ ക്ളിനികിലെത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

എന്തായാലും അമ്മയുടെ പരിശ്രമത്തിന് ഉടന്‍ തന്നെ ഫലം കണ്ടു. ഒട്ടും സമയം പാഴാക്കാതെ നായ്ക്കുട്ടിയെ വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ചു. സംഭവം കണ്ട് തങ്ങൾ അത്ഭുതപ്പെട്ടെന്നും ഒരു നിമിഷത്തേക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ അമ്പരന്നു പോയെന്നും ഡോ, അമീർ പറയുന്നു ”നായക്കുട്ടി ഐസ് പോലെ തണുത്തിരുന്നു. സൂക്ഷ്മ പരിശോധനയിൽ, ചെറിയ ഹൃദയമിടിപ്പ് കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് വേഗത്തിൽ നടത്തിയ ഇടപെടലുകളാണ് നായക്കുട്ടിയുടെ ജീവൻ തിരിച്ചു പിടിക്കാൻ തങ്ങളെ സഹായിച്ചത്” പരിശോധനകൾക്ക് നേതൃത്വം നൽകിയ ഡോ. ഡോഗനും സാക്ഷ്യപ്പെടുത്തുന്നു.