കല്ലറ പൊളിച്ചത് എതിര്‍പ്പുകളില്ലാതെ.. ഗോപൻ സ്വാമിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

നെയ്യാറ്റിന്‍കര: പിതാവിനെ മക്കള്‍ സമാധി ഇരുത്തിയെന്ന ദുരൂഹ സംഭവത്തിന്റെ ചുരുളഴിയുന്നു. ഗോപൻ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടു പോയി. ഇന്നു തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരം സബ്കലക്ടർ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണ് നടപടികൾ. കല്ലറയില്‍ കണ്ടെത്തിയ മൃതദേഹം ഗോപന്‍ സ്വാമിയുടേത് തന്നെയാണെന്നാണ് സ്ഥിരീകരണം.

ഇരിക്കുന്ന നിലയിലാണ് കല്ലറയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു ചുറ്റും ഭസ്മവും സുഗന്ധ ദ്രവ്യങ്ങളുമുണ്ടായിരുന്നു. സമാധി മണ്ഡപം പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്ന നടപടി ക്രമങ്ങള്‍ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് സബ് കലക്ടര്‍ ഒ.വി.അല്‍ഫ്രഡ് പറഞ്ഞു.
വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. വീട്ടുകാരുമായി താനും ഡിവൈഎസ്പിയും സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. നിയമപരമായി പൊലീസും ജില്ലാ ഭരണകൂടവും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നുവെന്നും സബ് കലക്ടര്‍ പറഞ്ഞു.

ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധ ദ്രവ്യങ്ങള്‍കൊണ്ടു മൂടി, മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതു പോലെ കളഭം ചാര്‍ത്തി, പിതാവ് വാങ്ങി വെച്ചിരുന്ന ശിലയെടുത്ത് സമാധി മണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരുന്നിരുന്നത് മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാനുള്ള ഫൊറന്‍സിക് പരിശോധനയാണു പൊലീസ് നടത്തുക. ഇതിനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കും.