വീട്ടില്‍ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
താരത്തിന് ആറ് മുറിവുകളേറ്റിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നും ലീലാവതി ആശുപത്രി സി.ഇ.ഒ ഡോ. നീരജ് ഉറ്റാമനി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. മോഷ്ടാവ് ഇവിടെ നിന്ന് രക്ഷപ്പെട്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബാന്ദ്ര പോലീസിന് പുറമെ മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണം തുടങ്ങി.
സെയ്ഫ് അലി ഖാനെതിരായുണ്ടായ ആക്രമണം ബോളിവുഡിനെ നടുക്കിയിരിക്കുയാണ്. ബാന്ദ്രയിലെ മികച്ച സുരക്ഷയുള്ള, സെലിബ്രിറ്റികളും പണക്കാരും താമസിക്കുന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത് എന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 2012ൽ വിവാഹിതരായ കരീന കപൂറും സെയ്‌ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരൺ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂർ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. പ്രശസ്ത നടി ശർമിള ടാഗോറിൻ്റെയും ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ്റെയും മകനാണ് സെയ്ഫ്