ഗോപന്‍ സ്വാമിയുടെ സമാധി ; കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ , നിയമ നടപടിയിലേക്ക്

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിക്കേസിൽ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ സനന്ദനൻ. കല്ലറ പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ നിയമ നടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും സനന്ദനൻ പറഞ്ഞു. കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണ്. പൊലീസ് നോട്ടീസ് നൽകിയിട്ടില്ല. ഇന്നലെ മൊഴി എടുത്തിരുന്നു. അച്ഛന്റെ സമാധി പോസ്റ്റർ അടിച്ചത് താൻ തന്നെയെന്നും മകൻ പറഞ്ഞു.

ഗോപന്‍ സ്വാമിയെ കാണ്‍മാനില്ലെന്ന് കാണിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ദുരൂഹ സമാധി കല്ലറ രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം. ഇതിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന ചർച്ചയിൽ സബ് കളക്ടറും പൊലീസും അറിയിച്ചിരുന്നു.

ജനുവരി 9ന് രാവിലെ 11 മണിയോടെ ഗോപൻ സ്വാമിയുടെ (81) മരണം സംഭവിച്ചെന്നാണ് മക്കളുടെ മൊഴി. അച്ഛൻ സ്വയം നടന്നു വന്ന് സമാധി പീഠത്തിലിരുന്നുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ, കിടപ്പിലായിരുന്ന ഗോപൻ സ്വാമി എങ്ങനെ സ്വയം നടന്നു വന്ന് സമാധി പീഠത്തിലിരുന്നുവെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ജീവനോടെയോ, അതോ മരണ ശേഷം ഗോപൻ സ്വാമിയെ സമാധിപീഠത്തിൽ അടക്കിയതാണോ എന്ന സംശയം ഉന്നയിക്കുന്നവരുമുണ്ട്.
വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്.
ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ പറഞ്ഞത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ഒരു ബന്ധു മൊഴി നല്‍കിയത്.