കണ്ണൂർ : കണ്ണവം കാട്ടില്‍പ്പെട്ട് കാണാതായ സിന്ധുവിനായുള്ള തിരച്ചില്‍ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ആറ് പാറമടകളിലെ ജലാശയങ്ങളില്‍ കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തി. അറക്കല്‍ ഭാഗത്തുള്ള നാല് പാറമടകളിലെയും വെങ്ങളം ഭാഗത്തുള്ള രണ്ട് പാറമടകളിലെയും ജലാശയങ്ങളിലാണ് അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയത്. എന്നാല്‍ സിന്ധുവിനെക്കുറിച്ചുള്ള യാതൊരു സൂചനയും ലഭിച്ചിട്ടില്ല
കരയില്‍ നിന്ന് റിമോട്ട് കണ്‍ട്രോള്‍ വഴിയാണ് ഡ്രോണിന്റെ നിയന്ത്രണം. കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍, കണ്ണൂര്‍ അഗ്‌നിരക്ഷാ നിലയങ്ങള്‍ സംയുക്തമായി സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ സഹായത്തോടെയാണ് പാറമടകളില്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ചത്. ചെമ്പുക്കാവ് പ്രദേശത്തും പോലീസും തണ്ടര്‍ ബോള്‍ട്ടും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി.കോളയാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട പെരുവ, ചെമ്പുക്കാവ് പ്രദേശങ്ങളില്‍ 16 കിലോമീറ്റര്‍ ദൂരത്തിലാണ് തിരച്ചില്‍ നടത്തിയത വരും ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു