കൊച്ചി: രാഹുൽ ഈശ്വറിനെതിരെ രൂക്ഷ വിമർശനവുമായി ഹണി റോസ്. കഴിഞ്ഞ ദിവസം ചാനൽ ചർച്ചകളിൽ രാഹുൽ ഈശ്വർ നടത്തിയ പരാമർശത്തിലാണ് ഹണിയുടെ പ്രതികരണം. ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപ കേസ് നൽകിയതിന് പിന്നാലെ ഹണിയുടെ വസ്ത്രധാരണത്തെ രാഹുൽ വിമർശിച്ചിരുന്നു
“സ്ത്രീകൾ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുൽ ഈശ്വർ ഉണ്ടെങ്കില്‍, അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാ നിയന്ത്രണം കൊണ്ടും പ്രശ്നങ്ങളെ നിർവീര്യം ആക്കും. തന്ത്രി കുടുംബത്തിൽപ്പെട്ട രാഹുൽ പൂജാരി ആകാതിരുന്നത് നന്നായി. തന്ത്രിയായിരുന്നുവെങ്കിൽ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് രാഹുൽ ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാലാണ് രാഹുലിന് നിയന്ത്രണം പോകുന്നതെന്ന് അറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ രാഹുലിനില്ല.” – ഹണി എഫ് ബി പോസ്റ്റിൽ വിമര്‍ശിച്ചു
അതേ സമയം ഹണി റോസിന് മറുപടിയുമായി രാഹുലും രംഗത്തെത്തി.
”ഹണി റോസിന്റെ വസ്ത്രധാരണം ഓവറാണെന്ന് ചിന്തിക്കാത്ത ഏതെങ്കിലും മലയാളിയുണ്ടോ..? നമ്മൾ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമുണ്ടോ..? ബോബി ചെമ്മണ്ണൂർ പറഞ്ഞതിനെ ആരും ന്യായീകരിച്ചിട്ടില്ല. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കണമെന്നാണ് ഞാൻ ഹണി റോസിനോട് അഭ്യർത്ഥിച്ചത്. മൂന്നു വർഷം വരെ ഒരാളെ അകത്തിടാനുള്ള കേസുണ്ടോയെന്ന് ഹണി റോസ് ചിന്തിക്കണം.” – രാഹുൽ ഈശ്വർ പ്രതികരിച്ചു.
ജനുവരി പത്തിന് ഹണിയുടെ പുതിയ സിനിമയായ റേച്ചൽ ഇറങ്ങും. അവർക്ക് എല്ലാവിധ വിജയങ്ങളുമുണ്ടാവട്ടെയെന്നും രാഹുല്‍ പറഞ്ഞു
അതിനിടെ ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്
മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരനും രംഗത്തെത്തി. ബോബിയെ പ്രാകൃതനും പരമനാറിയുമെന്ന് വിശേഷിപ്പിച്ച ജി സുധാകരന്‍ ഇതുപോലുള്ള വൃത്തിക്കേട് നടക്കുന്ന കേരളം ഒന്നാമതാണെന്ന് ആരാണ് പറഞ്ഞ് നടക്കുന്നതെന്നും ചോദിച്ചു. ” നിരവധി സ്ത്രീകളെ അപമാനിച്ചിട്ടുള്ള ബോബിക്കെതിരെ പോലീസ് സ്വമേധയാ കേസ് എടുക്കാതിരുന്നത് എന്തു കൊണ്ടാണ്, കരണക്കുറ്റിക്ക് രണ്ട് കൊടുക്കാന്‍ ആളില്ലാതായി. ആലപ്പുഴയിലായിരുന്നെങ്കില്‍ ഞങ്ങള്‍ തല്ലിയേനെ”
ജി സുധാകരന്‍ പറഞ്ഞു