ലോകം വീണ്ടും അടച്ചിടേണ്ടി വരുമോ; ചൈനയിലെ വൈറസ് വ്യാപനം, മുന്‍കരുതലാണ് വേണ്ടതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

ചൈനയിൽ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) പടരുന്നതില്‍ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധമാണ് പ്രധാനമെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ പൊതുവായ മുൻകരുതലുകൾ എടുക്കുകയാണ് വേണ്ടതെന്ന് ഡിജിഎച്ച്എസ് ഉദ്യോഗസ്ഥൻ ഡോ. അതുൽ ഗോയൽ പറഞ്ഞു. എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറൽ ചികിത്സയൊന്നുമില്ല. അതിനാൽ അതിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിരോധം പ്രധാനമാണെന്നുമാണ് വിദ​ഗ്ധർ പറയുന്നത്

കോവിഡ് മഹാമാരി സൃഷ്ടിച്ച വലിയ ആഘാതത്തില്‍ നിന്ന് ലോകം പതിയെ കരകയറി വരുന്നതേയുള്ളൂ. അപ്പോഴാണ് ചൈനയില്‍ നിന്ന് തന്നെ മറ്റൊരു വൈറസ് അതിവേഗം പടരുന്നതായുള്ള റിപ്പോര്‍ട്ടുകൾ ഭീതി പടർത്തുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ചൈനീസ് ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിറഞ്ഞു കവിഞ്ഞ ആശുപത്രികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ചൈനീസ് സര്‍ക്കാരോ ലോകാരോ​ഗ്യ സംഘടനയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (Human metapneumovirsu). 2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഇത് ന്യൂമോവിരിഡേ (Pneumoviridae) ഗണത്തില്‍പ്പെട്ട വൈറസാണ്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്ന ഇത് ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം

സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചാല്‍ ശ്വാസം മുട്ടലും ശ്വാസതടസവും ഉണ്ടാകും. ചില സന്ദര്‍ഭങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീര്‍ണതകളിലേക്കും നയിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു