കൊച്ചി: കഴിഞ്ഞ ദിവസം കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ എംഎൽഎ ഉമാ തോമസിന് വീണ് പരിക്കേറ്റ സംഭവത്തിൽ നടക്കുന്ന അന്വേഷണത്തിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.30 നാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും സിംഗപൂര്‍ വഴി ദിവ്യ ഉണ്ണി പോയത്. കേസിൽ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് നൽകുമെന്ന വിവരങ്ങൾക്കിടെയാണ് നടി മടങ്ങിയത്. ദീർഘ നാളായി അമേരിക്കയിൽ സ്ഥിര താമസമാണ് ദിവ്യ ഉണ്ണി.
പരിപാടിയുടെ ബ്രാൻഡ് അമ്പാസിഡറും പ്രധാന നര്‍ത്തകിയുമായിരുന്ന ദിവ്യ ഉണ്ണി, ബ്രാൻഡിങ്ങുമായി സഹകരിച്ച നടൻ സിജോയ് വർഗീസ് എന്നിവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് ഇന്നലെയും അറിയിച്ചിരുന്നു. പരിപാടിയുമായി ഇവർക്കുണ്ടായിരുന്ന കരാർ എന്താണ്, സാമ്പത്തിക ഇടപാടുകൾ എങ്ങനെയാണ് എന്നെല്ലാമാണ് പരിശോധിക്കുന്നത്. ഇതിനിടെയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. സംഭവത്തില്‍ പരസ്യ പ്രതികരണമൊന്നും നടത്താതെയാണ് നടിയുടെ മടക്കം