‘ഉമാ തോമസിന് വെന്‍റിലേറ്റർ സഹായം തുടരണമെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍

കൊച്ചി ; ഉമാ തോമസിന്‍റെ പരിക്കിൽ പുതിയ മെഡിക്കൽ ബുള്ളറ്റിന്‍ പുറത്തിറക്കി ആശുപത്രി അധികൃതര്‍. തലയിലെ പരിക്ക് കൂടുതൽ ഗുരുതരമല്ല, വെന്‍റിലേറ്റർ സഹായം തുടരണം, ആന്തരിക രക്തസ്രാവം വർദ്ധിച്ചിട്ടില്ല, വയറിന്‍റെ സ്കാനില്‍ കൂടുതൽ പ്രശ്നങ്ങളില്ല, ശ്വാസകോശത്തിലെ ചതവിന് ആന്‍റിബയോട്ടിക് നൽകും.
ഇന്ന് രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനു ശേഷം പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

രാവിലെ നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ തലയുടെ പരുക്കിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ലെന്നാണ് കണ്ടെത്തല്‍. ”ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിങ്ങിലും കൂടുതല്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. രോഗിയുടെ വൈറ്റല്‍സ് സ്‌റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിനേറ്റ സാരമായ ചതവു കാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ട ആവശ്യകതയുണ്ട്. ശ്വാസകോശത്തിന്റെ ചതവിനായി ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്. വിശദമായി നടത്തിയ സ്‌കാനിങ്ങില്‍ അണ്‍ഡിസ്‌പ്ലേസ്ഡ് സെര്‍വിക്കല്‍ സ്‌പൈന്‍ ഫ്രാക്റ്റര്‍ ഉണ്ടെങ്കില്‍ കൂടി അടിയന്തരമായ ഇടപെടലുകള്‍ ആവശ്യമില്ല. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിനുശേഷം ആവശ്യമെങ്കില്‍ ചികിത്സാ നടപടി ക്രമങ്ങള്‍ കൈക്കൊണ്ടാല്‍ മതി” – മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു

അതിനിടെ യാതൊരു സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താതെയും അനുമതിയില്ലാതെയുമാണ് കലൂർ സ്റ്റേഡിയത്തിൽ അപകടത്തിനിടയാക്കിയ സ്റ്റേജ് നിർമ്മിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
‘ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിർമ്മിച്ചു’ എന്ന കുറ്റം ചുമത്തി
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകർക്കും
സ്റ്റേജ് നിർമ്മാണ കരാറുകാർക്കുമെതിരെ പോലീസ് കേസെടുത്തു.
നൃത്ത പരിപാടിക്ക് സ്റ്റേഡിയം വിട്ടു നൽകിയെങ്കിലും
സ്റ്റേജ് നിർമിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന്
ജി സി ഡി എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ളയും വ്യക്തമാക്കി