യുവതി മരിച്ചത് അറിഞ്ഞിട്ടും സിനിമ കണ്ടു; അല്ലുവിനെതിരെ തെളിവുകൾ നിരത്തി പോലീസ്, ഇന്ന് ചോദ്യം ചെയ്യും

‘പുഷ്പ-2’ പ്രീമിയര്‍ ഷോയ്ക്കിടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ ഇന്ന് ചോദ്യം ചെയ്യും. റോഡ് ഷോ നടത്തിയില്ലെന്ന അല്ലു അര്‍ജുന്റെ വാദങ്ങള്‍ പൊളിക്കുന്ന തെളിവുകളാണ് താരത്തിനെതിരെ പോലീസ് നിരത്തിയത്. അപകടമുണ്ടായ സന്ധ്യാ തിയേറ്ററിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും നിർണ്ണായക തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസില്‍ 11-ാം പ്രതിയായി ചേര്‍ത്തിരിക്കുകയാണ് അല്ലു അര്‍ജുനെ

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും സിനിമ കാണാൻ താരം തയ്യാറായെന്ന് പോലീസ് പറയുന്നു. തിയേറ്ററിനകത്ത് വെച്ച് തന്നെ അല്ലു അര്‍ജുന്‍ ഇക്കാര്യം അറിഞ്ഞിരുന്നുവെന്നും അല്ലുവിനെ വിവരം അറിയിച്ചത് താനാണെന്നും ഡി.സി.പി വ്യക്തമാക്കി. എന്നാൽ വിവരമറിഞ്ഞത് പിറ്റേ ദിവസമാണെന്നായിരുന്നു അല്ലു അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്

താരത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പൊലീസ് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അല്ലു അര്‍ജുനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചു കൊണ്ടുളള പോലീസ് നീക്കം.
ഡിസംബര്‍ 13-ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു.
അതിനിടെ
കേസിലെ മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലും
സാക്ഷി വിസ്താരവും തുടരുകയാണ്