‘അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു’ -ജീവനൊടുക്കിയ സാബുവിന് സിപിഎം നേതാവിൻ്റെ ഭീഷണി; ഫോൺ സംഭാഷണം പുറത്ത്

ഇടുക്കി: നിക്ഷേപം തിരികെ ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത സാബുവിനെ കട്ടപ്പനയിലെ സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്
വി ആർ സജി ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറി കൂടയാണ് വി ആർ സജി. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് സജി തിരിച്ച് ചോദിക്കുന്നത്. വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും സജി പറയുന്നുണ്ട്, ‘പണി മനസ്സിലാക്കി തരാം’ എന്നും സാബുവിനെ ഭീഷണിപ്പെടുത്തി. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്നായിരുന്നു സജിയുടെ വാദം

ഭാര്യയുടെ ശസ്ത്രക്രിയ ആവശ്യത്തിന് നിക്ഷേപത്തുക ചോദിച്ചപ്പോള്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് കട്ടപ്പന റൂറല്‍ ഡിവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ സാബു തുങ്ങിമരിക്കുകയായിരുന്നു. സൊസൈറ്റി സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജാമോള്‍ എന്നിവരാണ് തന്റെ ആത്മഹത്യയ്‌ക്ക് പിന്നിലെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പും പൊലീസിന് ലഭിച്ചിരുന്നു
നിക്ഷേപത്തുക ചോദിക്കാന്‍ എത്തിയപ്പോള്‍ ഇവര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു

കേസിൽ കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കിൽ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. ആത്മഹത്യാക്കുറിപ്പിൽ പേരുള്ളവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക