‘ചെയ്ത കുറ്റത്തിന്റെ വ്യാപ്തി അറിയാമോ’ ; ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിനോട് സുപ്രീം കോടതി.. ജാമ്യാപേക്ഷ തള്ളി

ദില്ലി : ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന് കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ്
സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. സാക്ഷി വിസ്താരം പൂര്‍ത്തിയായ ശേഷം ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.

താൻ മാനസിക പ്രശ്നങ്ങളുളള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം. എന്നാൽ സന്ദീപിന് മാനസിക പ്രശ്നമില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ മറികടക്കാൻ എയിംസിലെ ഡോക്ടര്‍മാര്‍ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും സുപ്രീംകോടതി തള്ളി.

നേരത്തെ സന്ദീപിന് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തിരുന്നു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്നും സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും സംസ്ഥാനം നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പ്രതി ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. കൂടാതെ ജാമ്യം നൽകുന്നത് ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കുമെന്നും സംസ്ഥാനം കോടതിയെ ബോധിപ്പിച്ചിരുന്നു.