10 മിനിറ്റ് നൃത്തത്തിന് 5 ലക്ഷം; നടിക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്

തിരുവനന്തപുരം: പ്രമുഖ മലയാള നടിക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി രംഗത്തെത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള നൃത്തം ചിട്ടപ്പെടുത്താനാണ് നടി പണം ആവശ്യപ്പെട്ടത്. നടി വന്ന വഴി മറക്കരുതെന്നും ഇത്തരം ആളുകൾ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമർശിച്ചു.
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ വേദനിപ്പിച്ച സംഭവമാണിത്. അതേ സമയം നടിയുടെ പേര് പരാമർശിക്കാതെയായിരുന്നു മന്ത്രിയുടെ വിമർശനം.

നടിക്ക് അഞ്ച് ലക്ഷം കൊടുക്കാനില്ലാഞ്ഞിട്ടല്ല, പക്ഷേ കൊടുക്കില്ലെന്നാണ് തീരുമാനം. കലോത്സവ വേദിയിലൂടെ എത്തി സിനിമയിൽ വളർന്ന ആളിൽ നിന്നാണ് ഈ പെരുമാറ്റമുണ്ടായത്. ഓണാഘോഷത്തിന് ഫഹദ് ഫാസിൽ വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.