തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകള്‍. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമുള്ള പാടുകൾ കണ്ടെത്തിയത്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഇന്ദുജയുടെ അച്ഛൻ ശശിധരൻ ആരോപിച്ചു.
മകള്‍ക്ക് ഭര്‍തൃവീട്ടില്‍ മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഈ വിവരം മകള്‍ തങ്ങളെ അറിയിച്ചിരുന്നുവെന്നും അച്ഛന്‍ നല്‍കിയ പരാതിയിലുണ്ട്. യുവതിയുടെ ഭര്‍ത്താവ് അഭിജിത്ത് പൊലീസ് കസ്റ്റഡിയിലാണ്. അഭിജിത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ആദിവാസി സമൂഹത്തിൽ നിന്നുള്ള ഇന്ദുജയും അഭിജിത്തും രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നില്ല. നാല് മാസം മുൻപ് അഭിജിത്ത് ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്ഷേത്രത്തിൽ നിന്ന് താലി ചാർത്തുകയായിരുന്നു. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്നാണ് വിവരം. വിവാഹശേഷം ഇന്ദുജക്ക് സ്വന്തം വീട്ടുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. അഭിജിത്തിൻ്റെ വീട്ടിലേക്ക് തങ്ങളെ കയറ്റാറില്ലെന്ന് ഇന്ദുജയുടെ അച്ഛൻ ശശിധരനും പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് അഭിജിത്തിൻ്റെ വീട്ടിൽ രണ്ടാമത്തെ നിലയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. ഈ സമയത്ത് അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നാണ് അഭിജിത്തിൻ്റെ മൊഴി. കൊലപാതകമാണെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് ഇന്ന് നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ പരിശോധന നടത്തിയത്. സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്.